തൃശൂർ: പോട്ടയിൽ പട്ടാപകൽ ബാങ്ക് ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. പോട്ട ഫെഡറൽ ബാങ്കിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിനു ശേഷമാണ് സംഭവം.
15 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് വിവരം. സംഭവം നടന്ന സമയം എട്ട് ജീവനക്കാർ ബാങ്കിൽ ഉണ്ടായിരുന്നതായാണ് വിവരം. ദേശീയപാതയോട് ചേർന്നുള്ള സ്ഥലത്താണ് പട്ടാപകൽ മോഷണമുണ്ടായത്.
മുഖംമൂടിയും ഹെൽമറ്റും ധരിച്ചെത്തിയ മോഷ്ടാവ് ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇയാൾ കാബിന്റെ ചില്ല് കസേര ഉപയോഗിച്ച് അടിച്ച് തകർത്ത് അകത്ത് കടന്ന് പണം കവരുകയായിരുന്നു.
തുടർന്ന് ഇയാൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടുണ്ട്. പോലീസ് പ്രതിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു.
അതേസമയം, കവർച്ചയ്ക്കു പിന്നിൽ പരിചിതനായ മോഷ്ടാവ് ആയിരിക്കില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പരിചിതനായ മോഷ്ടാവ് തിരക്കുള്ള ഉച്ചസമയത്ത് ഇത്തരമൊരു മോഷണം നടത്തില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.