ചാലക്കുടി: പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കൊള്ള നടത്തിയ റിജോ ആന്റണിയെ കുടുക്കിയതു വീട്ടമ്മയുടെ സംശയം. ബാങ്കിന്റെ രണ്ടര കിലോമീറ്റർ അകലെയാണു റിജോയുടെ വീട്. അന്വേഷണത്തിന്റെ ഭാഗമായി ആശാരിക്കാട് പ്രദേശങ്ങളിലെത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ നാട്ടുകാരെ കാട്ടിയിരുന്നു. ഇതു കണ്ട ഒരു വീട്ടമ്മയാണ് ഇതു നമ്മുടെ റിജോയെപ്പോലെയുണ്ടല്ലോ എന്നു പറഞ്ഞത്.
പോലീസ് അന്വേഷിച്ചപ്പോൾ, അടുത്തുള്ളയാളാണെന്നും ഇതുപോലത്തെ സ്കൂട്ടറുണ്ടെന്നും ഇവർ പറഞ്ഞു. റിജോയുടെ വീട്ടിൽ പോലീസ് മഫ്തിയിൽ എത്തുന്പോൾ എൻടോർക്ക് സ്കൂട്ടറിൽ കണ്ണാടിയുണ്ടായിരുന്നു. മോഷണം നടത്തുന്പോൾ സ്കൂട്ടറിൽ കണ്ണാടി ഘടിപ്പിച്ചിരുന്നില്ല. എന്നാൽ, പോലീസ് ആദ്യംമുതൽ ശ്രദ്ധിച്ച ഷൂസ് വീടിനു മുന്നിലുണ്ടായിരുന്നു. ഈ അടയാളംകൂടി ലഭിച്ചതോടെയാണു പ്രതി റിജോ ആണെന്ന് ഉറപ്പിച്ചത്.
മോഷണശേഷം വീട്ടിൽത്തന്നെ കഴിഞ്ഞ പ്രതി, ഞായറാഴ്ച വീട്ടിൽ കുടുംബയോഗവും നടത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ റിജോ നടത്തിയ ഒരുക്കങ്ങൾ ആദ്യംതന്നെ പോലീസ് പൊളിച്ചു. ബാങ്കിലെത്തി ഹിന്ദിയിലായിരുന്നു സംസാരമെങ്കിലും കുടവയറും മറ്റു ശരീരപ്രകൃതിയും മനസിലാക്കി മലയാളിയെന്ന് ഉറപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കു 2.15നു ബാങ്കിലെത്തുന്പോൾ പ്യൂണ് മാത്രമാണുണ്ടായത്. ഇയാളെയും മാനേജരെയും കത്തികാട്ടി ഭീഷണിപ്പെടുത്തി ശുചിമുറിയിൽ അടച്ചശേഷം പണവുമെടുത്തു കടന്നു.
മോഷണശേഷം മൂന്നു മിനിറ്റിനുള്ളിൽ റിജോ വസ്ത്രം മാറി. ജാക്കറ്റ് മാറ്റി പച്ചനിറത്തിലുള്ള ടീ ഷർട്ട് ധരിച്ച ദൃശ്യങ്ങളാണു പുറത്തുവന്നത്. ഇതിനിടെ, സ്കൂട്ടറിൽ കണ്ണാടിയും ഘടിപ്പിച്ചു. പാലിയേക്കര ടോൾ പ്ലാസ എത്തുന്നതിന് ഒരു കിലോമീറ്റർ മുന്പാണു തെളിവു നശിപ്പിക്കാൻ ശ്രമിച്ചത്. ഇതിനുശേഷവും വസ്ത്രം മാറി. എന്നാൽ, റിജോയുടെ സ്കൂട്ടറും ധരിച്ച ഷൂസും വേഗത്തിൽ പ്രതിയിലേക്ക് എത്തിച്ചു.
തൃശൂർ, പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകളിൽ റിജോ ഉപയോഗിച്ച എൻടോർക്ക് സ്കൂട്ടർ ഉള്ളവരുടെ പട്ടികയും പോലീസ് പരിശോധിച്ചിരുന്നു. മോഷണശേഷം വീട്ടിലേക്കു മടങ്ങുന്പോൾ സിസിടിവി ദൃശ്യങ്ങൾ ഒഴിവാക്കാൻ പരമാവധി ശ്രദ്ധിച്ചു. പേരാന്പ്ര അപ്പോളോയുടെ ഭാഗത്തു ചുറ്റിസഞ്ചരിച്ചാണു വീട്ടിലേക്കു കയറിയത്. പിടിക്കപ്പെടില്ലെന്ന ആത്മവിശ്വാസത്തിലാണു വീട്ടിലിരുന്നതെന്നും പ്രതി മൊഴിനൽകി.
പ്രതി റിമാൻഡിൽ
ചാലക്കുടി: ഫെഡറൽ ബാങ്ക് കവർച്ചക്കേസ് പ്രതി പോട്ട ആശാരിപ്പാറ തെക്കൻവീട്ടിൽ റിജോ ആന്റണിയെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു. ഇന്നു വീണ്ടും കോടതിയിൽ ഹാജരാക്കും. അഞ്ചു ദിവസം കസ്റ്റഡിയിൽ വേമെന്നാണു പോലീസിന്റെ ആവശ്യം.
പ്രതിയുടെ വീട്ടിൽനിന്നു മോഷ്ടിച്ച 12 ലക്ഷം രൂപ തെളിവെടുപ്പിൽ കണ്ടെത്തി. അന്നനാട് സ്വദേശി ബിനീഷിനു നൽകിയ 2,90,000 രൂപയും കണ്ടെടുത്തു. സംഭവമറിഞ്ഞയുടൻ പോലീസിനു പണം കൈമാറിയിരുന്നെങ്കിലും നടപടിക്രമങ്ങളുടെ ഭാഗമായി ഇയാളുടെ വീട്ടിലും തെളിവെടുത്തു. തുടർന്നു കവർച്ച നടന്ന ബാങ്കിൽ പ്രതിയെ എത്തിച്ചു. കവർച്ചചെയ്ത രീതി പ്രതി പോലീസിനു കാട്ടിക്കൊടുത്തു.
അരമണിക്കൂറിനുശേഷം പ്രതിയെ പുറത്തിറക്കാൻ പോലീസ് പണിപ്പെട്ടു. റിജോയെ കാണാൻ തടിച്ചുകൂടിയ ജനങ്ങൾക്കിടയിലൂടെ പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ബാങ്കിലേക്കുതന്നെ തിരിച്ചുകയറ്റി. വലിയ പോലീസ് ബന്തവസിലാണു പിന്നീടു പുറത്തിറക്കിയത്. ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്ന് ഇയാൾ സമ്മതിച്ചെന്നും സ്റ്റേഷനിൽവച്ചു പൊട്ടിക്കരഞ്ഞെന്നും പോലീസ് പറഞ്ഞു. വീടിനു സമീപത്തും വൻജനാവലിയെത്തിയിരുന്നു.