തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാന കവാടത്തിൽ ഗവർണർക്കെതിരേ സ്ഥാപിച്ച ബാനർ നീക്കം ചെയ്യണമെന്ന് വിസി ഡോ. മോഹനൻ കുന്നുമ്മേൽ.
രജിസ്ട്രാർക്ക് നിർദേശം നൽകി. അതേസമയം, വിസിക്കെതിരേ ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ രംഗത്തെത്തി. വിസിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നാണ് ഇടത് സിൻഡിക്കറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നത്.
സർവകലാശാലയുടെ 200 മീറ്റർ ചുറ്റളവിൽ ചാൻസിലർ, വിസി എന്നിവർ ഉൾപ്പെടെയുള്ള സർവകലാശാല അധികാരികൾക്കെതിരേ പ്രതിഷേധമോ ബാനറോ സ്ഥാപിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ബാനർ നീക്കം ചെയ്യാൻ കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മേൽ സർവകലാശാല രജിസ്ട്രാർക്ക് നിർദേശം നൽകിയത്.
വിസിയുടെ നിർദേശം രജിസ്ട്രാർ പാലിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ബാനർ നീക്കം ചെയ്താൽ എസ്എഫ്ഐ കൂടുതൽ ബാനറുകൾ സ്ഥാപിക്കാൻ സാധ്യതയുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്.