ജയ്പുര്‍: സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ബോളിവുഡ് ചിത്രം പദ്മാവതിയുടെ ചിത്രകരണ സെറ്റില്‍ കര്‍ണി സേനക്കാരുടെ ആക്രമണം. രജ്പുത് രാജ്ഞിയെ മോശക്കാരിയായി കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സേനയുടെ ആക്രമണം. സിനിമാ സെറ്റ് അടിച്ചുതകര്‍ത്ത അക്രമികള്‍ ഷൂട്ടിംഗ് തടസപ്പെടുത്തി. ഇതിന്‍റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബന്‍സാലിയുടെ മുടിയില്‍ പിടിച്ചുവലിച്ചശേഷം അക്രമികള്‍ മുഖത്തടിക്കുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സംവിധായകന്‍ പോലീസിനെ വിളിച്ചുവരുത്തി.
രണ്‍വീര്‍ സിംഗും ദീപികാ പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപിക റാണി പദ്മാവതിയായും രണ്‍വീര്‍ അലാവുദിന്‍ ഖില്‍ജിയായും ചിത്രത്തില്‍ എത്തുന്നു. ചിറ്റോര്‍ഗഡ് കോട്ട ആക്രമിച്ച അലാവുദിന്‍ ഖില്‍ജിക്ക് കീഴില്‍ മുട്ടുമടക്കാതെ ജീവത്യാഗം നടത്തിയ പോരാളിയാണ് രാജ്ഞിയെന്ന് കര്‍ണി സേന പറയുന്നു.
നേരത്തെ, അശുതോഷ് ഗവാരിക്കറുടെ സംവിധാനത്തില്‍ 2008ല്‍ പുറത്തിറങ്ങിയ ചിത്രം ജോധാ അക്ബറിനു നേര്‍ക്കും കര്‍ണി സേനക്കാരുടെ പ്രതിഷേധമുണ്ടായിരുന്നു. അക്ബറിന്‍റെ മകനെയാണ് ജോധ വിവാഹം ചെയ്തതെന്നും സിനിമയില്‍ ചരിത്രം വളച്ചൊടിക്കുകയാണെന്നും സേന ആരോപിച്ചു. ഹൃതിക് റോഷനും ഐശ്വര്യ റായിയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.