അന്തിക്കാട്: പെരിങ്ങോട്ടുകരയിലെ വഴിയരികിൽ അവശനായി കാണപ്പെട്ട തിരുവനന്തപുരം സ്വദേശിയായ വയോധികനെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയ ശേഷം സോഷ്യൽ മീഡിയയുടെ സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തി സുരക്ഷിത കരങ്ങളിലേൽപ്പിച്ച് നാട്ടുകാരും പൊലിസും മാതൃകയായി.
തിരുവനന്തപുരം വർക്കല സ്വദേശി ഫാത്തിമ മൻസിലിൽ ഷാഹുദ്ദീൻ ഹാജി (60) നെയാണ് നാട്ടുകാരും പോലീസും മകളെയും മരുമകനെയും ഏൽപ്പിച്ചത്.
പത്തു ദിവസം മുന്പാണ് ഇദ്ദേഹം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. അന്നുമുതൽ ചെറിയ തോതിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.
ഞായറാഴ്ച്ച മലപ്പുറം വളാഞ്ചേരിയിലെ ഭാര്യവീട്ടിൽ നിന്നും വർക്കലയിലേക്ക് പുറപ്പെട്ട ഇദ്ദേഹം വഴിതെറ്റി പലയിടത്തും കറങ്ങിത്തിരിഞ്ഞ് കൈയിലുണ്ടായിരുന്ന പണം കഴിഞ്ഞതോടെയാണ് പെരിങ്ങോട്ടുകരയിൽ എത്തിയത്.
റോഡരികിൽ അവശനായി ഇരുന്ന ഇദ്ദേഹത്തെ അന്തിക്കാട് പോലീസ് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ അടിയന്തര ചികിത്സക്കായി എത്തിക്കുകയായിരുന്നു.
ചോദ്യങ്ങൾക്കൊന്നും യാതൊരു മറുപടിയും പറയാത്തതിനാലും രേഖകൾ ഒന്നും കൈയിലില്ലാത്തതിനാലും ബന്ധുക്കളെ കണ്ടെത്താൻ വലിയ പ്രയാസമായി. തുടർന്ന് ഫോട്ടോ ഫേസ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു.
ഇതു ശ്രദ്ധയിൽ പെട്ടാണ് തിരുവനന്തപുരം വർക്കലയിലുള്ള ഭാര്യയും, മകളും മരുമകനുമടങ്ങുന്ന കുടുംബാഗങ്ങൾ തൃശൂരിലെത്തിയത്.
ആശുപത്രിയിൽ നിന്ന് അന്തിക്കാട് പൊലിസ് സ്റ്റേഷനിലെത്തി ബന്ധപ്പെട്ടവർക്ക് നന്ദി പറഞ്ഞ് കുടുംബം മടങ്ങി.
അന്തിക്കാട് എസ്എച്ച്ഒ പി. ജ്യോതിന്ദ്രകുമാർ, എസ്ഐ കെ.വി. സുധീഷ് കുമാർ, എഎസ്ഐ സിനി , സന്നദ്ധ പ്രവർത്തകരായ ഇ.എം. ബഷീർ, ഷെമീർ എളേടത്ത്, ഇ.ബി. അയിഷ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഷാഹുദ്ധീൻ ഹാജിക്ക് ചികിത്സയും സംരക്ഷണവും ഒരുക്കിയതും കുടുംബാംഗങ്ങൾക്ക് കൈമാറിയതും.