കോഴിക്കോട്: എറണാകുളം മുനന്പം കടപ്പുറത്തുനിന്നും പുറപ്പെട്ട മത്സ്യബന്ധനബോട്ട് കപ്പലിലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവത്തിൽ മർക്കൻറയിൽ മറൈൻ വിഭാഗം (എംഎംഡി) അന്വേഷിക്കും. എംഎംഡി കൊച്ചി സർവേയർ സുരേഷ് നായർ സ്ഥലത്തെത്തി ബോട്ടിൽനിന്ന് രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളായ കാർത്തിക്, സേവ്യർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി.
സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികളുടെ മൊഴിയിൽ പറയുന്ന സമയം കപ്പൽചാലിലൂടെ കടന്നു പോയ കപ്പലുകളുടെ വിവരങ്ങൾ എംഎംഡി ശേഖരിക്കുന്നുണ്ട്. തീരസംരക്ഷണ സേനയുടെ സഹായത്തോടെയാണ് കപ്പലുകളുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അപകടത്തിനിടയാക്കിയയത് ചരക്കുകപ്പലായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
കപ്പൽ ഇതുവരെ കസ്റ്റഡിയിലെടുക്കായിട്ടില്ല. എറണാകുളം മുനന്പം കടപ്പുറത്തുനിന്നും പുറപ്പെട്ട മത്സ്യബന്ധനബോട്ട് നിർത്തിയിട്ടതായിരുന്നു. അതിനിടെയാണ് കപ്പൽ വന്നിടിച്ചതെന്നാണ് രക്ഷപ്പെട്ട തൊഴിലാളികൾ പറയുന്നത്. ബോട്ട് അപകടത്തിൽപ്പെട്ടതോടെ 20 മണിക്കൂറോളം കടലിൽ നീന്തുകയായിരുന്നുവെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു.
ആറു പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നു. അതിനിടെയാണ് കോഴിക്കോട് പുതിയാപ്പയിൽനിന്നും പോയ മത്സ്യത്തൊഴിലാളികൾ ഇവരെ കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തത്. ബേപ്പൂർ കോസ്റ്റ് ഗാർഡ് ഡെപ്യൂട്ടി കമാൻഡൻഡ് മുഷ്ത്താഖ് അലിയുടെ മേൽനോട്ടത്തിൽ അപകട വിവരമറിഞ്ഞതിനെ തുടർന്നു ബേപ്പൂർ തുറമുഖത്ത് കഴിഞ്ഞ രണ്ടുദിവസമായി ഉദ്യോഗസ്ഥർ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.നാലുപേരിൽ രണ്ടാളുടെ മൃതദേഹമാണ് കണ്ടെത്തിയത്് .
ബേപ്പൂരിൽ നിന്ന് 40-50 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്.സംഭവസ്ഥലത്തിനു മീറ്ററുകൾ മാത്രം അകലെ പകുതി മുങ്ങിയ ബോട്ടിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു രണ്ടുപേരുടെയും മൃതദേഹങ്ങൾ. ഇന്നലെരാവിലെ 11.30-നാണ് മൃതദേഹം ബോട്ടിന്റെ എൻജിനടിയിൽ കുടുങ്ങിക്കിടക്കുന്ന നിലയിൽ കോസ്റ്റ് ഗാർഡ് കണ്ടത്.കൊച്ചിയിൽ നിന്നുള്ള നാവിക സേനയുടെ മുങ്ങൽ വിദഗ്ധർ എത്തിയാണ് മൃതദേഹങ്ങൾ വൈകുന്നേരം അഞ്ചോടെ പുറത്തെടുത്തത്.
ഇന്ന് പുലർച്ചെ മൃതദേഹം ബേപ്പൂർ തുറമുഖത്തെത്തിച്ചു.ഇവരോടൊപ്പം കാണാതായ രണ്ടു പേർക്കായി തീരസംരക്ഷണ സേന തെരച്ചിൽ തുടരുകയാണ്. ഇവർ നീന്തിരക്ഷെപ്പടാനുളള സാധ്യത വിരളമാണെന്നാണ് പരിശോധനാ സംഘത്തിലുള്ളവർ പറയുന്നത്.തെരച്ചിലിന് നേവിയുടെ സഹായവും തേടിയിട്ടുണ്ട്. ശക്തമായ കാറ്റ് പരിശോധനയ്ക്ക് തടസം സൃഷ്ടിക്കുന്നതായി കോസ്റ്റൽ ഗാർഡ് അറിയിച്ചു. ബേപ്പൂരിൽ നിന്നുള്ള കോസ്റ്റ് ഗാർഡ് ഇഎ. 404, കൊച്ചിയിൽ നിന്നുള്ള ആരാ മാൻ എന്നീ കപ്പലുകളാണ് തെരച്ചിൽ നടത്തുന്നത്.