കോടനാട് ബാറിനു സര്‍ക്കാര്‍ അനുമതി; നടപടി വിവാദമാകുന്നു; ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍.

Barപെരുമ്പാവൂര്‍: ഹൈക്കോടതി സ്റ്റേ ഉത്തരവ് നിലനില്‍ക്കെ, കോടനാട് പഞ്ചനക്ഷത്ര ബാറിനു സര്‍ക്കാര്‍ അനുമതി നല്‍കിയതു വിവാദമാകുന്നു. ഇതിനെതിരേ വ്യാപകമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. പെരുമ്പാവൂര്‍ കോടനാട് ഡ്യൂലാന്റ് ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആക്ഷേപം. ബാര്‍ വരുന്നതിനെതിരേ വര്‍ഷങ്ങളായി സമീപവാസികള്‍ സമരത്തിലായിരുന്നു. ഇതിനിടെ നാട്ടുകാര്‍ കോടതിയെ സമീപിക്കുകയുമുണ്ടായി.

കോടതി ഇടപെട്ടതോടെ സമരം നിറുത്തി. എന്നാല്‍ നിയമ പോരാട്ടം തുടര്‍ന്നു. പക്ഷെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇതിനെ മറികടന്ന് ലൈസന്‍സ് നല്‍കാന്‍ ശ്രമം നടത്തിയെങ്കിലും ജനങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ നീക്കം ഉപേക്ഷിച്ചു. എന്നാല്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ബാര്‍ ലൈസന്‍സ് നേടിയെടുക്കാന്‍ വീണ്ടും ശ്രമം ആരംഭിച്ചു. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാമെന്ന നിയമത്തിന്റെ മറവില്‍  ഇപ്പോള്‍ ലൈസന്‍സ് കരസ്ഥമാക്കിയെന്നാണ് ആക്ഷേപം.

പഞ്ചനക്ഷത്ര ഹോട്ടലിന്റെ സൗകര്യങ്ങള്‍ പൂര്‍ണമായും ഇല്ലാത്ത ഹോട്ടലിന് ബാറിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയും ശക്തമാണ്. ഇതു സംബന്ധിച്ച് കോടനാട് സ്വദേശി പള്ളിക്കല്‍ പി.എ. ജോസഫ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ, ബാര്‍ ലൈസന്‍സ് നല്‍കിയതിനെതിരെ മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇദ്ദേഹം ഹര്‍ജിയും  നല്‍കി. ഹൈക്കോടതിയില്‍ സ്റ്റേ ഉത്തരവ് നിലനില്‍ക്കുന്ന സമയത്ത്   ഈ ഹോട്ടലിനു ബാര്‍ ലൈസന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍, ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ്, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ സന്തോഷ്, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ നാരായണന്‍കുട്ടി, കൂവപ്പടി പഞ്ചായത്ത് സെക്രട്ടറി റെജികുമാര്‍, കോടനാട് സെവന്‍സ് ഹോട്ടല്‍(ഡ്യൂലാന്‍ഡ്) എംഡി സുശീലന്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കുന്നതിനു ഈമാസം 18ലേക്കു മാറ്റി. ബാറിന് അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്ക്  വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബാര്‍ വീണ്ടും തുറന്നാല്‍ ജനകീയ പ്രക്ഷോഭത്തിനൊരു ങ്ങുകയാണ് നാട്ടുകാര്‍.

Related posts