തിരുവനന്തപുരം: ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിൽ നിന്നും ബാറുകളിലേക്കുള്ള ദൂരപരിധി 50 മീറ്ററാക്കി കുറച്ചു കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി. സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ നിന്നും ബാറുകളിലേക്കുള്ള ദൂരപരിധി 200 മീറ്റർ എന്ന മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
ഫോർസ്റ്റാർ, ഫൈവ് സ്റ്റാർ, ഹെറിറ്റേജ് ബാറുകൾക്കാണ് ദൂരപരിധിയിൽ ഇളവ് അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ബാർ ഉടമകളുടെ സംഘടനയുടെ സമ്മർദ്ദത്തിന് വഴങ്ങിയതാണ് സർക്കാർ ദൂരപരിധിയിൽ ഇളവ് അനുവദിച്ച് കൊണ്ട് ഉത്തരവ് പുറത്തിറക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെയുണ്ടായിരുന്ന നിയമം അനുസരിച്ച് സ്കൂളുകൾ, ആരാധനാലയങ്ങൾ, സർക്കാർ അംഗീകൃത കോളനികൾ എന്നിവിടങ്ങളിൽ നിന്നും 200 മീറ്റർ അകലത്തിൽ മാത്രമെ ബാറുകൾ പ്രവർത്തിക്കാവൂ എന്നായിരുന്നു നിയമം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. അതേ സമയം ത്രീ സ്റ്റാറിന് താഴെയുള്ള ബാറുകളുടെ ദൂരപരിധി 200 മീറ്റർ എന്നതിന് മാറ്റം വരുത്തിയിട്ടില്ല.
നിലവിലുണ്ടായിരുന്ന ഹോട്ടലുകളിൽ ബാർ ലൈസൻസ് ലഭിക്കുന്നതിനും പുതിയ ബാറുകൾ അനുവദിക്കുന്നതിന് കെട്ടിടം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തയാറാക്കി കാത്തിരിക്കുന്ന ബാർ ഉടമകളെ സഹായിക്കാനാണ് സർക്കാരിന്റെ വിവാദ ഉത്തരവെന്ന പ്രതിഷേധവും ഉയർന്നിട്ടുണ്ട്.
സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള സർക്കാരിന്റെ നീക്കമാണ് വിവാദമായ പുതിയ ഉത്തരവിലൂടെ പുറത്ത് വന്നിരിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്റെയും മദ്യവിരുദ്ധ സമിതി പ്രവർത്തകരുടെയും അഭിപ്രായം.