സ്വന്തം ലേഖകൻ
കോഴിക്കോട്: ബാറുകൾ കേന്ദ്രീകരിച്ച് “പിടിച്ചുപറി’ നടക്കുന്നതായുള്ള ഉപഭോക്താക്കളുടെ പരാതിയിൽ നടപടിയുണ്ടാകാത്തത് ഒത്തുകളിയെന്നു സംശയം.
സ്വകാര്യ ബാറുകളിൽ മദ്യത്തിനു പരമാവധി വിലയേക്കാൾ പത്തു ശതമാനംവരെ വില കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് വ്യാപകമായി ആക്ഷേപമുയരുന്നത്. മാത്രമല്ല ബില്ല് ആവശ്യപ്പെടുന്നവർക്കു മദ്യം നൽകാതെ തിരിച്ചയയ്ക്കുകയാണെന്നും ആക്ഷേപമുണ്ട്.
എക്സൈസ് അധികൃതരെ ഫോൺവഴി വിവരം അറിയിക്കുന്പോൾ അന്വേഷിക്കാം, പരാതി എഴുതി തരൂ തുടങ്ങിയ അഴകൊഴന്പൻ മറുപടിയാണ് ലഭിക്കുന്നതെന്നുമാണ് അനുഭവസ്ഥർ പറയുന്നത്. സ്വകാര്യ ബാറുകളുടെ ഈ പകൽക്കൊള്ള നേരത്തെ അറിഞ്ഞിട്ടും അനങ്ങാപാറ നയം തുടരുകയാണ് എക്സൈസ് വകുപ്പ്.
കേരളത്തിൽ ഏറ്റവുംകൂടുതൽ ബാറുകളുള്ള എറണാംകുളത്തും തൃശൂരിലെയും മറ്റുജില്ലകളിലെയും തൊണ്ണൂറുശതമാനം ബാറുകളിലും ഇതാണ് സ്ഥിതി.കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പാർസൽ വിൽപ്പനമാത്രമാണ് ബാറുകൾക്ക് അനുവദിച്ചിട്ടുള്ളത്.
മാത്രമല്ല ബിവറേജ് ഔട്ട് ലെറ്റിലെ വിലയിൽ വിൽപന നടത്തണമെന്നുമാണ് നിർദേശം. ഇക്കാര്യൽ സർക്കാരുമായി ഏറ്റുമുട്ടലിലാണ് ബാറുടമകൾ. നികുതിയിനത്തിൽ ചെറിയ മാറ്റംകൂടി വന്നതോടെ ബിവറേജിനു ലഭിക്കുന്ന ലാഭം പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ആരോപിച്ചു ബാറുകൾ അടച്ചിട്ടു സമരവും നടന്നിരുന്നു.
തുടർന്നാണ് കേരളത്തിലെ ബാറുടമകളുടെ സംഘടന പത്തു ശതമാനംവരെ കൂടുതൽ ഈടാക്കി വിൽപ്പന തുടങ്ങിയത്. വിരലില്ലെണാവുന്ന ബാറുകൾ മാത്രമാണ് എംആർപിയിൽ വിൽപ്പന നടത്തുന്നത്. ബിവറേജ് ഔട്ട് ലെറ്റുകൾ ഇല്ലാത്തിടത്താണ് പിടിച്ചുപറിയും ഭീഷണിയും രൂക്ഷം.
ചോദ്യം ചെയ്താൽ വേണമെങ്കിൽ വാങ്ങിയാൽമതി എന്ന നിലപാടാണ് ബാർ ജീവനക്കാർ പുലർത്തുന്നതെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്തെ സ്വകാര്യ ബാറിൽനിന്ന് പത്ത് ശതമാനം അധികം നൽകി മദ്യം വാങ്ങിയ ഒരു അനുഭവസ്ഥൻ രാഷ്ട്രദീപികയോടു പറഞ്ഞു.
പരാതിക്കു പിറകെ പോകാനുള്ള മദ്യപരുടെ നിസഹായവസ്ഥ മുതലെടുക്കുകയാണിവർ. സർക്കാർ മൗനാനുവാദം കോടുത്തതുകൊണ്ടാണ് ഈ ദുരവസ്ഥയെന്നും ഇവർ പറയുന്നു.
സന്പൂർണ ലോക്ഡൗണായ ഞായറാഴ്ചയും ബാറുകൾ കൂടിയവിലയ്ക്ക് രഹസ്യവിൽപന നടത്തുന്നതായുള്ള വിവരവും എക്സൈസിനു മുൻപിലുണ്ട്. എന്നാൽ, നടപടി മാത്രമില്ല.
ലാഭത്തിനുപുറമെ 247 ശതമാനം നികുതിയാണ് മദ്യത്തിന് സർക്കാർ ഈടാക്കുന്നത്. ഇതിനു പുറമെയാണ് അധിക വിലയെന്ന ഗുണ്ടാപ്പിരിവ്.