ഏറ്റുമാനൂർ: മദ്യഷാപ്പുകൾ അടച്ചുപൂട്ടി പരിഹരിക്കാവുന്നതല്ല മദ്യത്തിന്റെ ഉപയോഗമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഏറ്റുമാനൂർ ഗവണ്മെന്റ് ഐടിഐയിലെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുന്നതിനിടെയാണു മദ്യനയം പരാമർശിച്ചത്.
സമൂഹത്തെ ലഹരിയിൽനിന്നു വിമുക്തമാക്കുകതന്നെ വേണം. എന്നാൽ അത് മദ്യഷാപ്പുകൾ അടച്ചുപൂട്ടിയതുകൊണ്ടു ഫലപ്രാപ്തിയിലെത്തില്ല. ജീവിതശൈലിയിൽ മാറ്റം വരുത്തിക്കൊണ്ടു ലഹരി ഉപയോഗം നിയന്ത്രിക്കാനാകും. അതിനു വ്യാപകമായ ബോധവത്കരണം വേണം.
ലോക വനിതാ ദിനമായ മാർച്ച് എട്ടിന് വ്യാപകമായ ബോധവത്കരണത്തിനു തുടക്കംകുറിക്കും. അന്ന് കുടുംബശ്രീ പ്രവർത്തകർ സംസ്ഥാനത്തെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് സ്റ്റിക്കർ പതിക്കും. കാന്പസുകളിൽ ലഹരിവിരുദ്ധ ക്ലബ്ബുകൾ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.ലഹരി മാഫിയ ഉന്നമിടുന്നതു കാന്പസുകളെയാണ്. കാന്പസിൽ ആരും ലഹരി ഉപയോഗിക്കരുത്.
അങ്ങനെ ആരെങ്കിലും ചെയ്താൽ മറ്റു വിദ്യാർഥികൾതന്നെ അക്കാര്യം അധ്യാപകരെ അറിയിക്കുകയും മാതാപിതാക്കളെ വിളിച്ചുവരുത്തി വിദ്യാർഥികൾക്കു തിരുത്തൽ നൽകുകയും വേണം.വിദ്യാർഥികളുടെമേൽ ശിക്ഷണ നടപടി വേണ്ട. എന്നാൽ കാന്പസുകളിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന മാഫിയയെ നിയമപരമായി അടിച്ചമർത്തണംമന്ത്രി പറഞ്ഞു.