വടക്കാഞ്ചേരി: ബിയർ-വൈൻ പാർലർ ലൈസൻസ് നിലനിർത്തിക്കിട്ടുന്നതിന് എക്സൈസ് വകുപ്പിന്റെ ദൂരപരിധി മറികടക്കാൻ ബാറിലേക്ക് വളഞ്ഞുപുളഞ്ഞൊരു ഉൗടുവഴി. ഓട്ടുപാറ-വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ ഗേറ്റിനു സമീപത്തു പ്രവർത്തിക്കുന്ന ഡെലീസ റസിഡൻസിയിലാണ് ഈ സ്നേഹമതിൽ നിർമിച്ചിട്ടുള്ളത്.
സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പാതയോരത്തുനിന്നും 500 മീറ്റർ അകലെ വേണം മദ്യഷാപ്പുകൾ പ്രവർത്തിക്കേണ്ടത്. തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറയിൽനിന്നും ഡെലീസ റസിഡൻസിയിലേക്ക് 485 മീറ്റർ ദൂരം മാത്രമാണുള്ളത്. ഇതു വർധിപ്പിക്കുന്നതിനാണ് പാർലറിന്റെ മുൻഭാഗം അടച്ചുകെട്ടി ഉള്ളിലേക്കു 15 മീറ്റർ സ്നേഹമതിൽ നിയമ വിരുദ്ധമായി നിർമിച്ചിട്ടുള്ളത്.
418 ബാറുകൾ പൂട്ടിയ കൂട്ടത്തിൽ പൂട്ട് വീണ ബാറാണിത്. പിന്നീട് ബിയർ-വൈൻ പാർലറായി പ്രവർത്തിക്കുകയായിരുന്നു. എക്സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ ദൂരപരിധി അളക്കാനിരിക്കെയാണ് ബാറുടമകൾ സൂത്രവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വഴിയിൽതന്നെയാണ് കണ്‍സ്യൂമർ ഫെഡിന്റെ വിദേശമദ്യവില്പനശാലയും പുതുതായി ആരംഭിച്ചിട്ടുള്ളത്.