തിരുവനന്തപുരം: ബാർ ലൈസൻസുള്ള സ്റ്റാർ ഹോട്ടലുകൾ 50,000 രൂപകൂടി അടച്ചാൽ ഹോട്ടലിന്റെ ബാൻക്വറ്റ് ഹാളിലും റൂഫ് ടോപ്പിലും നീന്തൽക്കുളത്തിലും ലോണിലും വിദേശമദ്യം വിതരണം ചെയ്യാം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിദേശമദ്യ ചട്ടഭേദഗതി വിജ്ഞാപനത്തിലാണ് നിർദേശമുള്ളത്.
നേരത്തെ 50,000 രൂപ അടച്ചാൽ റൂഫ് ടോപ്പിലും നീന്തൽക്കുളത്തിലും ലോണിലും മാത്രമായിരുന്നു മദ്യവിതരണത്തിന് അനുമതി നൽകിയിരുന്നത്. പുതിയ നയപ്രകാരമാണ് ബാൻക്വറ്റ് ഹാളിനെയും ഉൾപ്പെടുത്തിയത്. ബാർ ലൈസൻസ് നേടാൻ 28 ലക്ഷം രൂപയാണു സർക്കാരിലേക്ക് അടയ്ക്കേണ്ടത്. ഈ ബാർ ലൈസൻസിനൊപ്പം 50,000 രൂപ കൂടി നൽകി ലൈസൻസ് നേടുന്നവർക്കാണ് ഇത്തരം സ്ഥലത്തു കൂടി മദ്യം വിതരണം ചെയ്യാൻ അനുമതി നൽകുന്നത്. എന്നാൽ, ഇവിടെ മദ്യ വില്പന പാടില്ലെന്നും നിർദേശിക്കുന്നു. മദ്യനയം ജൂലൈ ഒന്നു മുതലാണു നിലവിൽ വരുന്നതെങ്കിലും അന്ന് അവധിയായതിനാൽ രണ്ടു മുതലേ മദ്യശാലകൾ തുറന്നു പ്രവർത്തിക്കൂ.
കള്ളുഷാപ്പുകളുടെ കാര്യത്തിൽ ചട്ടഭേദഗതി കൊണ്ടുവരാത്തതിനാൽ നിലവിൽ പ്രവർത്തിക്കുന്ന ഷാപ്പുകളുടെ ലൈസൻസ് നീട്ടികൊടുക്കും. അടുത്ത മന്ത്രിസഭായോഗം ഇതു സംബന്ധിച്ചു തീരുമാനമെടുക്കും. പുതിയ ഭേദഗതി അനുസരിച്ച് കള്ളുഷാപ്പുകളുമായി ബന്ധപ്പെട്ട് മദ്യനയത്തിലെ ചില നിർദേശങ്ങളിൽ ഷാപ്പ് ലൈസൻസികളും ഈ മേഖലയിലെ തൊഴിലാളി സംഘടനകളും വിയോജിപ്പു പ്രകടിപ്പിച്ചതിനാലാണ് ചട്ടഭേദഗതി കൊണ്ടുവരാൻ കഴിയാതിരുന്നത്.