ഒരു പെഗ് വാങ്ങിയാല്‍ ഒന്ന് സൗജന്യം! മുട്ട തികച്ചും സൗജന്യം; ആദ്യമാദ്യമെത്തിയവരെ കാത്തിരുന്നത് ടീ ഷര്‍ട്ട്; ബാറുകളിലേക്കുള്ള പ്രവേശനോത്സവം കുടിയന്മാര്‍ ആഘോഷിച്ചത് ഇങ്ങനെ

rgfreghrബാറുകളിലേക്കുള്ള കുടിയന്മാരുടെ പ്രവേശനോത്സവത്തിന് ഓഫറുകളും. കോട്ടയം മെഡിക്കല്‍ കോളജിനു സമീപം ആദ്യദിവസം ഒരു പെഗിന് ഒന്ന്  സൗജന്യം നല്‍കി. മുട്ടയും സൗജന്യമായിരുന്നു. ആദ്യമെത്തിയ ചിലര്‍ക്ക് ടീ ഷര്‍ട്ട് ലഭിച്ചു. അങ്ങനെ പല ഓഫറും ബാറുകളില്‍ നിറഞ്ഞു. ഇടതുസര്‍ക്കാര്‍ മദ്യനയം പരിഷ്‌കരിച്ചതിനെ തുടര്‍ന്നു സംസ്ഥാനത്തു ലൈസന്‍സ് ലഭിച്ച ബാറുകളില്‍ മിക്കതും ഇന്നലെ തുറന്നു. എല്ലായിടത്തും നല്ല തിരക്കായിരുന്നു. പലയിടങ്ങളിലും ഉടമകള്‍ അതിഥികളെ ആഘോഷപൂര്‍വം വരവേറ്റു. ചെണ്ടമേളം പോലും കുടിയന്മാരെ വരവേല്‍ക്കാനെത്തി. ഇതേസമയം, അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചു. കോട്ടയത്ത് മദ്യപിച്ചു വാഹനം ഓടിച്ചതിന് ഗാന്ധിനഗര്‍ പോലീസ് 10 പേരെ പിടികൂടി കേസെടുത്തു. മദ്യപിച്ചു പൊതുനിരത്തില്‍ ബഹളംവച്ചതിന് എട്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ 11 ബാറുകളും ഇന്നലെത്തന്നെ തുറന്നു. നേരത്തേയുള്ള അഞ്ചു ബാറുകള്‍ ഉള്‍പ്പെടെ 16 ബാറുകളായി.

കൊല്ലം ജില്ലയില്‍ മൂന്നു ബാറുകള്‍ തുറന്നു. ഇതോടെ ജില്ലയിലെ ബാറുകളുടെ എണ്ണം നാലായി. ആലപ്പുഴ ജില്ലയില്‍ തുറക്കേണ്ടിയിരുന്ന രണ്ടു ബാറുകളില്‍ ഒന്നു മാത്രം പ്രവര്‍ത്തനം തുടങ്ങി. ചെങ്ങന്നൂരിലേത് ഇന്നു തുറക്കും. പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒരു ബാറും തുറന്നിട്ടില്ല. കോട്ടയം ജില്ലയില്‍ ഇന്നലെ ആറു ബാറുകള്‍ തുറന്നു. ഇടുക്കിയിലെ ഏക ബാറായ തേക്കടി സ്പൈസസ് വില്ലേജില്‍ ഇന്നലെ മദ്യം വിളമ്പിയില്ല. കൊച്ചിയില്‍ ലൈസന്‍സ് ലഭിച്ച 21 ബാറുകളില്‍ 20 എണ്ണം തുറന്നു. തൃശൂര്‍ ജില്ലയില്‍ ഇന്നലെ ഒന്‍പതു ബാറുകള്‍ തുറന്നു. ഇപ്പോള്‍ 10 ബാറുകളായി. പാലക്കാട് ജില്ലയില്‍ മുന്‍പു പൂട്ടിയ ആറു ബാറുകളാണു തുറന്നത്. മലപ്പുറത്തു ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന നാലു ഹോട്ടലുകളിലേ ബാര്‍ തുറന്നിട്ടുള്ളൂ. കോഴിക്കോട് ജില്ലയില്‍ പുതുതായി അഞ്ചു ബാറുകളാണു തുറന്നത്. വയനാട്ടില്‍ രണ്ടു ബാറുകള്‍ പുതുതായി തുറന്നു. കല്‍പറ്റയിലും മാനന്തവാടിയിലും. കണ്ണൂര്‍ ജില്ലയില്‍ ത്രീ സ്റ്റാര്‍ ലൈസന്‍സുള്ള ഒന്‍പതു ഹോട്ടലുകളില്‍ ഇന്നലെ വിദേശമദ്യശാല പ്രവര്‍ത്തനം തുടങ്ങി. ഒന്‍പതിടത്തും ബിയര്‍ വൈന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. കാസര്‍കോട് ജില്ലയില്‍ പൂട്ടിയ ബാറുകള്‍ വീണ്ടും തുറക്കാന്‍ അപേക്ഷ നല്‍കിയിരുന്നില്ല. കുടിയന്മാരെ സംബന്ധിച്ചിടത്തോളം ഈ ബാറുതുറക്കല്‍ ഒരുത്സവം തന്നെയായിരുന്നു.

Related posts