തൃശൂർ: തൃശൂരിൽ നായകളുമായെത്തി ബാർ അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. തൃശൂർ പൂങ്കുന്നം വെട്ടിയാട്ടിൽ വൈശാഖ്, അഞ്ചേരി കുറിയച്ചിറ നെല്ലിക്കൽ വൈശാഖ് എന്നിവരാണു പിടിയിലായത്.
സംഭവത്തിനു ശേഷം ഒളിവിലായിരുന്ന പ്രതികൾ മൊബൈൽ ഫോണ് ഉപയോഗിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം ഇവരിൽ ഒരാൾ ഫേസ്ബുക് ലൈവിൽ വന്നു. ഇതോടെ പോലീസ് പ്രതികളെ കുടുക്കുകയായിരുന്നു.
സെപ്റ്റംബർ 21-ന് പഴയന്നൂരിലെ രാജ് ബാറിലാണു പ്രതികൾ ആക്രമണം നടത്തിയത്. നാലു ജർമൻ ഷെപ്പേർഡ് നായകളുമായെത്തിയ പ്രതികൾ വടിവാൾ വീശി വിരട്ടിയ ശേഷം ബാർ അടിച്ചുതകർക്കുകയായിരുന്നു. പ്രതികൾ ഇരുവരും നായ്ക്കളെ പരിശീലിപ്പിക്കുന്നവരാണ്.
മദ്യപിച്ചതിന്റെ പണം നൽകാതിരുന്നതിനെത്തുടർന്നു ബാർ ജീവനക്കാർ പ്രതികളുടെ മൊബൈൽ ഫോണ് പിടിച്ചുവച്ചിരുന്നു. ഇതാണു തർക്കത്തിനു കാരണമായത്. യുവാക്കൾ ബാർ അടിച്ചുതകർക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.