കുറവിലങ്ങാട്: വെമ്പള്ളിയിൽ പ്രവർത്തിക്കുന്ന ബാറിലെത്തിയ മധ്യവയസ്കനെ ചില്ല് ഗ്ലാസുകൾ വച്ച് എറിഞ്ഞ് ആക്രമിച്ച കേസിൽ ബാർ ജീവനക്കാരൻ റിമാൻഡിലായി.
കുമരകം പടിഞ്ഞാറേക്കര ഭാഗത്ത് ചേലക്കാപ്പള്ളിൽ ബിജു സി. രാജു (42)വിനെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞദിവസം രാത്രി എട്ടോടെയാണ് കേസിനാസ്പദമായ സംഭവം.
വെമ്പള്ളിയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെത്തിയ മധ്യവയസ്കനും സുഹൃത്തും മദ്യത്തിന്റെ അളവിനെ ചൊല്ലി ബിജുവുമായി വാക്ക് തർക്കമുണ്ടായതിന് പിന്നാലെയാണ് ഇയാൾ ചില്ല് ഗ്ലാസുകളെടുത്ത് എറിഞ്ഞത്.
കൗണ്ടറിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബിജു ബാറിലെത്തിയവരെ ചീത്തവിളിക്കുകയും ചെയ്തു.ആക്രമണത്തിൽ മധ്യവയസ്കന് സാരമായി പരിക്കേറ്റു. പരാതിയെത്തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.