ആലപ്പുഴ: കത്തികാണിച്ച് ഭീഷണിപ്പെടുത്തി മദ്യം വാങ്ങിയശേഷം ബാറിനുള്ളിൽ അക്രമം നടത്തിയ മൂന്നു യുവാക്കൾ റിമാൻഡിൽ. ചേർത്തല മുനിസിപ്പൽ എട്ടാം വാർഡ് തെക്കേ ചിറ്റേഴത്ത് ബെല്ല് എന്നുവിളിക്കുന്ന സൂര്യ (31), തെക്കേ ചിറ്റേഴത്ത് ദീപേഷ് (21), നികർത്തിൽ അഭിനവ് (19) എന്നിവരാണ് പിടിയിലായത്.
ചേർത്തല നഗരത്തിലുള്ള ഒരു ബാറിൽ 20ന് വൈകിട്ട് അഞ്ചിനയായിരുന്നു സംഭവം. മദ്യപിക്കുന്നതിനായി ബാറിൽ എത്തിയ യുവാക്കൾ ബാറിനുള്ളിൽ കടന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ബിയർ വാങ്ങി കുടിക്കുകയും ചെയ്ത ശേഷം പണം ആവശ്യപ്പെട്ട് സ്റ്റാഫിനെ അസഭ്യം പറഞ്ഞു.
പിന്നാലെ സോഡാ കുപ്പികളും മറ്റും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് ബാറിലുണ്ടായിരുന്ന ടിവി അടിച്ചു പൊട്ടിച്ച ചെയ്ത ശേഷം ഇവർ സ്ഥലം വിട്ടു.
പോകുന്ന വഴി ശാവശേരി ഭാഗത്തുള്ള ഒരു വീട്ടിൽ അതിക്രമിച്ചു കയറി വീട്ടുകാരിയേയും അവരുടെ മകളെയും ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും വീട് അടിച്ചുപൊളിക്കുകയും ചെയ്ത ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മൂന്നു പ്രതികളെയും പിടികൂടുകയും ചെയ്തു.