തൊടുപുഴ: മദ്യനിരോധന ദിവസം നഗരത്തിലെ ബാർ ഹോട്ടലിൽ അക്രമം നടത്തിയ സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിലെന്ന് സൂചന. എന്നാൽ പ്രതികൾ ഒളിവിലെന്നാണ് പോലീസ് നൽകുന്ന വിവരം.
സംഭവത്തിൽ ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് സെക്രട്ടറി മാത്യൂസ് കൊല്ലപ്പിള്ളി, പ്രസിഡന്റ് ജിത്തു ജോയി, ലിജോ ജോസ്, ഗോപീകൃഷ്ണൻ എന്നിവർക്കെതിരേയാണ് പോലീസ് കേസെടുത്തത്. കവർച്ചയ്ക്കും കൈയേറ്റത്തിനുമാണ് പോലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ കേസിൽ ഉൾപ്പെട്ട ഡിവൈഎഫ്ഐ നേതാക്കളായ മാത്യൂസ് കൊല്ലപ്പിള്ളി, ജിത്തു ജോയി എന്നിവരെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.
തൊടുപുഴ -ഇടുക്കി റോഡിലെ സിസിലിയ ഹോട്ടലിലാണ് വെള്ളിയാഴ്ച പുലർച്ചെ അക്രമം നടന്നത്. പുലർച്ചെ രണ്ടോടെ ഹോട്ടലിലെത്തിയ സംഘം വാതിലിൽ തട്ടി വിളിച്ച് മദ്യം ആവശ്യപ്പെട്ടു. എന്നാൽ ഈ സമയം മദ്യം നൽകാൻ കഴിയില്ലെന്ന് റിസപ്ഷനിസ്റ്റ് ടോണി അറിയിച്ചു. മദ്യം നൽകാൻ വിസമ്മതിച്ചതോടെയാണ് നാലംഗ സംഘം ടോണിയെ തള്ളി മാറ്റി ഹോട്ടലിലേക്കു കയറുകയും തുടർന്ന് വളഞ്ഞുവച്ചു മർദിക്കുകയും ചെയ്തത്. ഇതിനിടെ ടോണിയുടെ പോക്കറ്റിലുണ്ടായിരുന്ന പണം പിടിച്ചുവാങ്ങുകയും ചെയ്തു.
ഹോട്ടലിലെ ആവശ്യത്തിനായി സാധനങ്ങൾ വാങ്ങാൻ സൂക്ഷിച്ചിരുന്ന 22,000 രൂപ അപഹരിച്ചെന്നാണ് ബാർ അധികൃതർ പരാതി നൽകിയത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മാത്യൂസ് കൊല്ലപ്പള്ളി ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായതോടെയാണ് പോലീസ് ഇവർക്കെതിരേ കേസെടുത്തത്.
കഴിഞ്ഞ മാസം ഒൻപതിന് തൊടുപുഴയിലെ തിയറ്റർ കോംപ്ലക്സിൽ തിയറ്റർ ജീവനക്കാരെ മാത്യൂസ് കൊല്ലപ്പിള്ളി ഉൾപ്പെട്ട സംഘം മർദിച്ചതിന്റെ പേരിൽ ഇവർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. നേരത്തെ കെഎസ്യു പ്രവർത്തകനായിരുന്ന മാത്യൂസ് കൊല്ലപ്പള്ളി രണ്ടു വർഷം മുൻപാണ് ഡിവൈഎഫ്ഐയിൽ ചേർന്നത്.