തൃശൂർ: ഒറ്റ ഫോണ്‍വിളിയിൽ ഒരു ബാർ തന്നെ കാറിലെത്തും. പക്ഷേ വിളിക്കുന്പോൾ കോഡ് പറയണം. ഹലോ ഇത് റോംഗ് നന്പർ ആണോ.
ഇങ്ങനെ ചോദിച്ചാൽ മനസിലാകും മദ്യം ആവശ്യമുള്ള ആളാണു വിളിക്കുന്നതെന്ന്. ആ നന്പറിലേക്കു തിരിച്ചു വിളിക്കും റോംഗ് നന്പറിലേക്കാണോ വിളിക്കുന്നതെന്ന്. അതേയെന്നു പറഞ്ഞാൽ ബാർ എവിടെയെത്തണമെന്നു മനസിലാക്കി കാറുമായി എത്തും.
ഈ നന്പറിലേക്കു വിളിച്ചു മദ്യം നിറച്ച കാറുമായി എത്തിയത് എക്സൈസിന്റെ മുന്പിലായിരുന്നു. സഞ്ചരിക്കുന്ന മാരുതി സെൻ കാറിൽ നിന്ന് 35.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത്.
കാർ ബാർ ഉടമ പട്ടിക്കാട് കന്പനിപ്പടിയിൽ നിന്നും പീച്ചി മണ്ടൻചിറയിലുളള പാലാട്ടി കുന്നേൽ വീട്ടിൽ കോരത്ത് മകൻ ജോർജി(50)നെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.
തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വി.എ. സലീമിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനന്റെ നിർദേശാനുസരണം പ്രിവന്റീവ് ഓഫീസർ സി.യു. ഹരീഷിന്റെ നേതൃത്വത്തിലുള സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
ജോർജ് ഉപയോഗിക്കുന്ന കോഡ് മനസിലാക്കി മൊബൈലിലേക്കു വിളിച്ചു. ഹലോ ഇത് റോംഗ് നന്പർ ആണോ എന്ന് വിളിക്കുന്ന ആൾ ചോദിച്ചാൽ ജോർജിന് അറിയാം മദ്യം ആവശ്യമുള്ള ആളാണ് വിളിക്കുന്നതെന്ന്.
തിരിച്ചു നിങ്ങൾ റോംഗ് നന്പറിലേക്കാണോ വിളിക്കുന്നത് എന്നു ജോർജ് തിരിച്ച് ചോദിക്കുന്പോൾ അതെ റോംഗ് നന്പറിലേക്കാണു വിളിക്കുന്നത് എന്നു വാങ്ങിക്കുന്ന ആൾ പറയും.
അപ്പോൾ മദ്യം വേണ്ടയാൾ എവിടെയാണു നിൽക്കുന്നത് എന്നു ചോദിച്ചു മനസിലാക്കി അവിടേക്കു കാറുമായി ചെല്ലും. പരിസരം നിരീക്ഷിച്ച് ഉറപ്പുവരുത്തിയ ശേഷം മദ്യം കൊടുത്ത് കാശു വാങ്ങും.
ഏത് ബ്രാൻഡും ഏത് അളവും ജോർജിന്റെ പക്കൽ ഉണ്ടാകും. ആവശ്യക്കാർക്ക് അതനുസരിച്ചു കൊടുക്കും. പലർക്കും വീടുകളിൽ നേരിട്ടു കൊണ്ടുചെന്നും കൊടുത്തിരുന്നതായി ജോർജ് സമ്മതിച്ചു.
ഇതു മനസിലാക്കിയാണ് എക്സൈസ് ഉദ്യോഗസ്ഥർ ഈ രീതിയിൽ ജോർജിന്റെ നന്പറിലേക്കു വിളിച്ച് കോഡ് പറഞ്ഞു വിശ്വസിപ്പിച്ചു ജോർജിനെ കുടുക്കിയത്.
വില കൂടിയ ബ്രാന്‍ഡുകൾ ചോദിച്ചപ്പോൾ ഒന്നാം തിയതി ഡ്രൈ ഡേ ആയതിനാൽ എല്ലാം വിറ്റുതീർന്നു എന്നു പറഞ്ഞു. ജോർജിനെ അറസ്റ്റ് ചെയ്യുന്പോൾ 500 എംഎല്ലിന്റെ വിവിധ ബ്രാൻഡുകളിലുള്ള 59 കുപ്പികളും ഒരു ലിറ്ററിന്റെ ആറു കുപ്പികളും കണ്ടെടുത്തു.
മദ്യം വിറ്റ വകയിൽ കിട്ടിയ 6,570 രൂപയും മദ്യം കൊണ്ടുവന്ന കാറും കസ്റ്റഡിയിലെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ കെ.എം. സജീവ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ജെയിസൻ ജോസ്, വി. സുനിൽ, പി.എ. വിനോജ്, സിവിൽ എക്സൈസ് ഓഫീസർ എ.ജി. ഷാജു എന്നിവർ ഉണ്ടായിരുന്നു.