കൊച്ചി: മുൻ മന്ത്രി കെ.എം. മാണിക്കെതിരായ ബാർകോഴ കേസിലെ തുടരന്വേഷണം എന്ന് തീരുമെന്ന് ഹൈക്കോടതി. കേസിലെ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും തുടരന്വേഷണം എന്ന് അവസാനിക്കുമെന്ന് ഡിസംബർ 15ന് കോടതിയെ അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം കേസ് അവസാന ഘട്ടത്തിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കേസിലെ തുടരന്വേഷണം ചോദ്യം ചെയ്ത് മാണി നേരത്തെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ബാർ കോഴക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി. സുകേശനായിരുന്നു തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമീപിച്ചത്. തുടർന്നു തുടരന്വേഷണത്തിനു വിജിലൻസ് കോടതി അനുമതി നൽകുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാനത്തെ ബാറുകള്‍ തുറക്കാന്‍ ബാറുടമകളില്‍ നിന്നു മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ബാറുടമയും ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ മുന്‍ വര്‍ക്കിംഗ് പ്രസിഡന്‍റുമായ ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ഇതില്‍ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.