കൊച്ചി: ബാർ കോഴക്കേസിലെ വിജിലൻസ് കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. ബാർകോഴക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി നൽകിയ ഹർജിയിലായിരുന്നു കോടതി ഉത്തരവ്.
കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. കേസിൽ തുടർ അന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മാണി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി നവംബർ 15ന് വീണ്ടും പരിഗണിക്കും.
മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് വിജിലൻസ് കോടതി തള്ളിയിരുന്നു. ഡിസംബർ പത്തിന് മുൻപ് തുടർനടപടികൾക്കുള്ള അനുമതി ഹാജരാക്കാനും കോടതി നിർദേശിച്ചു.
മാണിയെ കുറ്റവിമുക്തനാക്കി കേസിൽ അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ട് തള്ളിയ കോടതി തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തുകയായിരുന്നു.
ബാർ കോഴക്കേസിൽ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വി.എസിന്റെ ഹർജി.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ ഒരുകോടി രൂപ മാണി കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം.