ചാലക്കുടി: മാർക്കറ്റിൽ വിദേശ മദ്യവില്പന കേന്ദ്രം തുറക്കുന്നതിനു ദൂരപരിധി മറികടക്കാൻ സ്റ്റേറ്റ് ഹൈവേയായ ടൗൺ റോഡിനെ പിഡബ്ല്യുഡി അധികൃതർ സ്റ്റേറ്റ് ഹൈവേ അല്ലാതാക്കി. പഴയ എൻഎച്ച് ആയിരുന്ന റോഡ് സ്റ്റേറ്റ് ഹൈവേയായിരുന്നു. ഇവിടെനിന്നും മാർക്കറ്റിൽ നഗരസഭ നൽകിയ സ്ഥലത്ത് മദ്യവില്പന കേന്ദ്രത്തിലേക്ക് 500 മീറ്റർ ഉണ്ടാവില്ല.
ഇത് മറികടക്കാൻ പഴയ എൻഎച്ച് സ്റ്റേറ്റ് ഹൈവേയല്ലെന്ന് പിഡബ്ല്യുഡി അധികൃതർ എക്സൈസ് വകുപ്പിന് റിപ്പോർട്ട് നൽകിയിരിക്കയാണ്. ട്രാംവെ റോഡ് മുതൽ അതിരപ്പിള്ളി റോഡാണ് സ്റ്റേറ്റ് ഹൈവേയായി മാറ്റിയിരിക്കുന്നത്. നോട്ടിഫിക്കേഷൻ ഇല്ലാതെ യാണ് റോഡിന്റെ പേരുമാറ്റം നടത്തിയിരിക്കുന്നത്.
ദൂരപരിധി ലംഘിച്ചാണ് മാർക്കറ്റിൽ ബിവറേജ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതെന്ന പരാതിയിൽ ദൂരം അളന്നപ്പോൾ ദേശീയപാതയിൽ നിന്നാണ് അളവ് എടുത്തിരിക്കുന്നത്. ദേശീയപാതയിൽനിന്നും മാർക്കറ്റിലേക്ക് 500 മീറ്ററിൽ കൂടുതലുണ്ട്. ദൂരപരിധി അട്ടിമറിക്കാൻ സ്റ്റേറ്റ് ഹൈവേയെ ടൗൺ റോഡാക്കി പിഡബ്ല്യുഡി അധികൃതർ മാറ്റിയതിനെരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.