തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. വൈറസ് ബാധ കൂടുതൽ സ്ഥിരീകരിച്ച കാസർഗോഡ് ജില്ല സമ്പൂർണമായും അടച്ചിടാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനമായി. മറ്റു ജില്ലകളിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തും.
സംസ്ഥാനത്തെ മുഴുവൻ ബാറുകൾ രോഗഭീതിയുടെ പശ്ചാത്തലത്തിൽ അടച്ചിടാൻ സർക്കാർ തീരുമാനിച്ചു. എന്നാൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വിദേശമദ്യ വില്പന ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യം വിൽപ്പന തുടരും. ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രത്യേക നിയന്ത്രണങ്ങൾ കൊണ്ടുവരാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇവിടങ്ങളിൽ അവശ്യ സേവനങ്ങൾക്ക് തടസമുണ്ടാകില്ല.