ബംഗളൂരു: നഗരത്തിലെ ഡാൻസ്ബാറിൽ അർധരാത്രി നടത്തിയ റെയ്ഡിൽ ബാർനർത്തകിമാരായി ജോലിചെയ്തിരുന്ന 33 പെൺകുട്ടികളെ മോചിപ്പിച്ചു. 32 പേർ അറസ്റ്റിലായി. എസ്ജെ പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ലവേഴ്സ് നൈറ്റ് ഡാൻസ് ബാർ ആണ് സിറ്റി ക്രൈംബ്യൂറോ സംഘം റെയ്ഡ് ചെയ്തത്.
രക്ഷപ്പെടുത്തിയ 33 പെൺകുട്ടികളെയും ബാറുടമകൾ അനധികൃതമായി പിടിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തി. അന്യസംസ്ഥാനക്കാരായ പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്താണ് എത്തിച്ചത്. ആദ്യം ബാർ നർത്തകിമാരായി ഇവരെ നിയമിക്കുകയും പിന്നീട് ലൈംഗികചേഷ്ടകളോടെയുള്ള നൃത്തച്ചുവടുകൾ നടത്താൻ നിർബന്ധിക്കുകയുമായിരുന്നു എന്നും അന്വേഷണസംഘം പറഞ്ഞു.
ബാറിൽ നിന്ന് 1.23 ലക്ഷം രൂപയും പിടിച്ചെടുത്തു. റെയ്ഡിനു പിന്നാലെ ബാർ മാനേജർ സദാനന്ദ പൂജാരി, കാഷ്യർ ബാലകൃഷ്ണ ഷെട്ടി, ബാറുടമ യതീഷ് ചന്ദ്ര ഷെട്ടി, കെട്ടിട ഉടമ സുധീർ ബാബു എന്നിവർ ഒളിവിലാണ്.
നഗരത്തിലെ ഡാൻസ് ബാറുകളിൽ ആഴ്ചയിൽ രണ്ടു തവണയാണ് സിറ്റി ക്രൈംബ്യൂറോ റെയ്ഡുകൾ നടത്തുന്നത്. അനധികൃത ഇടപാടുകളും മനുഷ്യക്കടത്തും തടയുന്നതിന്റെ ഭാഗമായാണ് റെയ്ഡ്.