കോതമംഗലം: കോതമംഗലത്തെ ബാറിൽ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. സംഭവത്തിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ആലുവ കീഴ്മാട് ചാലക്കൽ മനാഫ് (36), നെല്ലിക്കുഴി ഇരമല്ലൂർ വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി(20), വികാസ് കോളനി കണ്ണുങ്കേരിപറന്പിൽ ഹരികൃഷ്ണൻ (21) എന്നിവരാണ് പിടിയിലായത്. കറുകടം സ്വദേശി അൻവറും ഓടക്കാലി സ്വദേശി റഫീക്കും ചേർന്ന് അമ്യൂസ് പാർക്ക് ലേലത്തിൽ പിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്.
പത്ത് പേരിൽ നാലുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മനാഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെല്ലിക്കുഴി കമ്മത്തുകുടി നാദിർഷയും ആശുപത്രിയിൽ ചികിത്സയിലാണ്. നാദിർഷയെ കൂടാതെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്.
സിഐ പി.ടി. ബിജോയി, എസ്ഐമാരായ ഷാഹുർ ഹമീദ്, ആൽബിൻ സണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.