തൊടുപുഴ: ബാർ ഉടമയിൽനിന്നു ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിക്കാൻ പടിയും മദ്യവും വാങ്ങിപ്പോയ എക്സൈസ് ഉദ്യോഗസ്ഥൻ വിവരം പുറത്തായതോടെ വാങ്ങിയ കുപ്പികൾ തിരികെ നൽകി തലയൂരാൻ ശ്രമം. എന്നാൽ, സംഭവത്തിൽ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അന്വേഷണമാരംഭിച്ചതോടെ ഉദ്യോഗസ്ഥൻ വെട്ടിലായി. ഇടുക്കി റേഞ്ചിൽ ജോലി ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് ഉത്സവകാല പിരിവിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പടിയും കുപ്പിയും വാങ്ങിയത്.
തൊടുപുഴ- ഇടുക്കി റൂട്ടിലെ ചെറുടൗണിൽ സ്ഥിതി ചെയ്യുന്ന ബാറിലായിരുന്നു സംഭവം. നിരോധനത്തെത്തുടർന്ന് പൂട്ടിയിട്ടിരുന്ന ബാർ ഏതാനും മാസം മുൻപാണ് തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയത്. പരിശോധനയുടെ ഭാഗമായി ബാറിൽ എത്തിയ ഉദ്യോഗസ്ഥർ കുശാലായി ഭക്ഷണം കഴിച്ച് അത്യാവശ്യം പണവും വാങ്ങി.
ഇതിനു ശേഷമാണ് ആരോപണ വിധേയൻ ബാർ ഉടമയിൽനിന്ന് ഒൻപത് ഫുൾ ബോട്ടിലുകൾ വാങ്ങി വാഹനത്തിൽ വച്ചത്. എന്നാൽ, ബാർ ഉടമ വിവരം എക്സൈസ് ഡപ്യൂട്ടി കമ്മീഷണറെ അറിയിച്ചതോടെ പ്രശ്നം വഷളാകുമെന്നു മനസിലായ ഉദ്യോഗസ്ഥൻ കുപ്പികൾ തിരികെ ബാറിലെത്തിച്ചു. ഹൈറേഞ്ചിൽ ദീർഘനാൾ ജോലി ചെയ്തിരുന്ന ഈ ഉദ്യോഗസ്ഥൻ മുന്പ് കൈക്കൂലി വാങ്ങിയതിനു സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്.