തിരുവനന്തപുരം: സംസ്ഥാനത്തെ ബാർ ഹോട്ടലുകളിൽ ഭൂരിഭാഗവും നികുതി അടച്ചില്ല. സംസ്ഥാനത്ത് ആകെയുള്ള 800 ലേറെ ബാറുകളിൽ 606 എണ്ണവും ടേണ്‍ ഓവർ ടാക്സിൽ കുടിശിക വരുത്തിയതായി നികുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ 198 ബാറുകൾ നികുതി റിട്ടേണുകൾ പോലും സമയബന്ധിതമായി ഫയൽ ചെയ്തില്ല. സംസ്ഥാനം അതീവ ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിൽ നിൽക്കവേ ബാറുകളിൽ നിന്നുള്ള നികുതി കുടിശിക വഴി സർക്കാരിനു കോടിക്കണക്കിനു രൂപയാണു നഷ്ടമാകുന്നത്.
പൊതുവിൽപന നികുതി പ്രകാരം ബാർ ഹോട്ടൽ ലൈസൻസികൾ എല്ലാ മാസവും വിറ്റുവരവ് രേഖപ്പെടുത്തി റിട്ടേണുകൾ ഫയൽ ചെയ്യണം. എന്നാൽ ഇതിൽ ഗുരുതര വീഴ്ചയുണ്ടായി. തങ്ങളുടെ വരുമാനത്തിൽ നിന്നു സർക്കാരിനു നൽകേണ്ട ടേണ്‍ ഓവർ ടാക്സിൽ വൻ കുടിശിക വരുത്തിയതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ടേണ്‍ ഓവർ ടാക്സിൽ കുടിശിക വരുത്തിയവർക്ക് മദ്യം നൽകുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിവറേജസ് കോർപറേഷൻ സിഎംഡിക്കു കത്തു നൽകിയിരുന്നു. ബാറുടമകൾ ഹൈക്കോടതിയെ സമീപച്ചതു വഴി മദ്യം നൽകാതിരിക്കാനുള്ള തീരുമാനം നടപ്പാക്കാനായില്ല.
നിയമപ്രകാരമുള്ള ബാർ ലൈസൻസും കെജിഎസ്ടി രജിസ്ട്രേഷനുമുള്ള ബാർ ഹോട്ടലുകൾക്ക് മദ്യം നൽകാതിരിക്കുന്നത് നിയമപരമായി നിലനിൽക്കുന്നതല്ലെന്നു കോടതി വിധിച്ച സാഹചര്യത്തിൽ മദ്യം നൽകാതിരിക്കാൻ കഴിയില്ലെന്ന് ബവ്കോ സിഎംഡി സർക്കാരിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നികുതി കുടിശിക പിരിച്ചെടുക്കാനുള്ള നടപടികളാണു നടന്നു വരുന്നതെന്നും ജിഎസ്ടി വകുപ്പ് അധികൃതർ പറയുന്നു.
നികുതി കുടിശിക വരുത്തിയതിൽ കോട്ടയം ജില്ലയിലെ ബാറുകളാണ് മുന്നിൽ ഇവിടെ 90 ബാറുകൾ കുടിശിക വരുത്തി. എറണാകുളത്ത് 83 എണ്ണവും തൃശൂരിൽ 74 എണ്ണവും തിരുവനന്തപുരത്ത് 71 ബാറുകളും നികുതി കുടിശിക വരുത്തി. മറ്റു ജില്ലകളിലെ ബാർ ഹോട്ടലുകളിൽ നികുതി കുടിശിക വരുത്തിയവർ: കൊല്ലം- 69, ആലപ്പുഴ- 66, പത്തനംതിട്ട- 27, ഇടുക്കി- 23, പാലക്കാട്- 11, മലപ്പുറം- 17, കോഴിക്കോട്- 28, വയനാട്- 9, കണ്ണൂർ- 31, കാസർഗോഡ്- 7.