ഇടുക്കി: വീണ്ടും ബാര്‍ കോഴയ്ക്കു നീക്കം. മദ്യനയത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു പ്രത്യുപകാരമായി കൊടുക്കാൻ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്ന ബാറുടമാ സംഘടന നേതാവിന്റെ ശബ്ദ സന്ദേശം വന്‍ വിവാദത്തില്‍. ബാര്‍ ഉടമകളുടെ സംഘടനയായ ഫെഡറേഷന് ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന് ജില്ലാ പ്രസിഡന്റായ തൊടുപുഴ സ്വദേശി അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ലെന്ന നിലയില്‍ ബാറുടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ച സന്ദേശമാണ് ചോർന്നു വന്‍ വിവാദത്തിന് ഇടയാക്കിയിരിക്കുന്നത്. പണം വാങ്ങിയാണ് മദ്യനയത്തിൽ ഇളവുകൊണ്ടുവരുന്നതെന്ന ആരോപണം ഇതോടെ ഭരണപക്ഷത്തിനെതിരേ ഉയർന്നിരിക്കുകയാണ്.
സംഘടനാ സംസ്ഥാന പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് സന്ദേശം അയയ്ക്കുന്നതെന്നും അനിമോന് പറയുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര്‍ സമയം കൂട്ടാനുമടക്കം ഒരാള്‍ രണ്ടര ലക്ഷം രൂപ നല്‍കണമെന്നാണ് അനിമോന് ശബ്ദസന്ദേശത്തില്‍ ആവശ്യപ്പെടുന്നത്.പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപ വച്ചു കൊടുക്കാന്‍ പറ്റുന്നവര്‍ നല്‍കുക.
തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അങ്ങനെ പല മാറ്റങ്ങളുമുണ്ടാകും. അതു ചെയ്തു തരാന്‍ കൊടുക്കേണ്ടതു കൊടുക്കണമെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. ഇടുക്കി ജില്ലയില്‍നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് പണം നല്‍കിയത്. ചിലര്‍ വ്യക്തിപരമായും പണം നല്‍കിയിട്ടുണ്ട്.
പണം നല്കിയ ബാര്‍ ഹോട്ടലിന്റെ പേരും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്. ഒന്നാം തീയതിയിലെ ഡ്രെ ഡേ ഒഴിവാക്കാനും ബാറുകളുടെ സമയം കൂട്ടല്‍ അടക്കം ബാറുടമകളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ മദ്യനയത്തിനു തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് പണം ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തു വരുന്നത്.
ബാര്‍ ഉടമകളുടെ സംഘടനയുടെ എക്സ്ക്യൂട്ടിവ് യോഗം ഇന്നലെ കൊച്ചിയില്‍ ചേര്‍ന്നിരുന്നു. യോഗസ്ഥലത്തുനിന്നാണ് ശബ്ദസന്ദേശമയയ്ക്കുന്നതെന്നും അനിമോന് പറയുന്നുണ്ട്.ഇടുക്കിയിലെ അംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ശബ്ദസന്ദേശമെത്തിയത്. പിന്നീട് സന്ദേശം ഡിലീറ്റ് ചെയ്തു. എന്നാല്‍, പണപ്പിരിവിനു നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് സംസ്ഥാന പ്രസിഡന്റ് വി. സുനില്‍കുമാര്‍ അവകാശപ്പെടുന്നത്.
അതേസമയം, സംഭവത്തില്‍ പ്രതികരിക്കാന്‍ അനിമോന് ഇതുവരെ തയാറായിട്ടില്ല. ആദ്യഘട്ടത്തില്‍ ശബ്ദരേഖ നിഷേധിക്കാന്‍ അദ്ദേഹം തയാറായില്ല.പിന്നീട് ഇന്നു രാവിലെ തൊടുപുഴ നഗരത്തിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പ്രതികരണം തേടിയെത്തിയ മാധ്യമങ്ങളെ കാണാനും തയാറായില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.