തിരുവനന്തപുരം: മദ്യനയത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ്. പണപ്പിരിവിന് ശ്രമിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പണപ്പിരിവ് നടന്നുവെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി പറഞ്ഞില്ല.
തിരുവനന്തപുരം: ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്ന് ബാർഉടമാ സംഘടന സംസ്ഥാന പ്രസിഡന്റ് വി.സുനിൽ കുമാർ. ഇതെല്ലാം നടന്നിരിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും സർക്കാർ അത്തരത്തിലൊരു ആവശ്യത്തിന് സമീപിച്ചിട്ടില്ലെന്നും ആരോടും പണം പിരിക്കാൻ പറഞ്ഞിട്ടില്ലെന്നും സുനിൽ കുമാർ വ്യക്തമാക്കി.
തിരുവനന്തപുരത്തൊരു ഓഫീസ് വാങ്ങാൻ സംഘടന തീരുമാനിച്ചു. എന്നാൽ അതിനെ എതിർത്ത ചിലർ ഉണ്ടായിരുന്നു. കെട്ടിടം വാങ്ങാനുള്ള ചിലവിനായി ലോൺ അടക്കം ശ്രമിച്ചിരുന്നു. ഇടുക്കി ചുമതലയുള്ള അനിമോൻ ഉൾപ്പടെ അതിനെ എതിർത്തു. അനിമോനെ ഇന്നലത്തെ യോഗത്തിൽ സസ്പെൻറ് ചെയ്യാൻ തീരുമാനിച്ചു.
തീരുമാനം ഇന്നലത്തെ ചർച്ചയിൽ അറിയിച്ചപ്പോൾ അനിമോൻ ഇറങ്ങിപ്പോയി. വേറെ സംഘടന ഉണ്ടാക്കാൻ അനിമോൻ ശ്രമിച്ചിരുന്നു. സസ്പെൻഷനിൽ ആയിരിക്കുന്നവർക്ക് എന്തും പറയാമല്ലോയെന്നും സുനിൽ കുമാർ ചോദിച്ചു.ശബ്ദം അനിമോന്റെ തന്നെയാണെന്ന് ഉറപ്പില്ലെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.