കൊച്ചി: ബാർക്കോഴക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി കെ.എം.മാണി ഹൈക്കോടതിയെ സമീപിച്ചു. കേസ് മൂന്നു തവണ അന്വേഷിച്ച് തെളിവില്ലെന്ന് കണ്ടെത്തിയതാണ്. കേസിൽ തുടർ അന്വേഷണം വേണമെന്നു പറയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും മാണി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് മാണിയുടെ നീക്കം. കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന വിജിലൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു വി.എസിന്റെ ഹർജി. പൊതു പ്രവർത്തകർക്ക് എതിരെ തുടർഅന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന നിയമം ഈ കേസിൽ ബാധകമല്ലെന്ന് വി.എസിന്റെ വാദം.
നേരത്തെ, മാണിയെ കുറ്റവിമുക്തനാക്കി കേസിൽ അന്വേഷണ സംഘം സമർപ്പിച്ച മൂന്നാമത്തെ റിപ്പോർട്ട് തള്ളിയ കോടതി തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങാൻ വിജിലൻസിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഡിസംബർ 10ന് മുൻപ് സർക്കാർ അനുമതി വാങ്ങാനാണ് വിജിലൻസിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പൂട്ടിക്കിടക്കുന്ന ബാറുകൾ തുറക്കാൻ ഒരുകോടി രൂപ മാണി കോഴവാങ്ങിയെന്ന് ബാറുടമ ബിജു രമേശിന്റെ ആരോപണമാണ് കേസിനാസ്പദമായ സംഭവം.