പെരിന്തൽമണ്ണ: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ ഒന്നിന് അടച്ചിട്ട ബിവറേജ് ഒൗട്ട്ലെറ്റ് തുറക്കാനുള്ള ശ്രമം മുസ്ലിം ലീഗ് തടഞ്ഞു. മനഴി സ്റ്റാൻഡിന് മുൻവശത്തുള്ള ഒൗട്ട്ലെറ്റ് ബുധനാഴ്ച വീണ്ടും തുറക്കാനായിരുന്നു തീരുമാനം. എന്നാൽ രാവിലെ മാർച്ച് നടത്തിയ പാതായിക്കര മേഖലാ ലീഗ് കമ്മിറ്റി ഒൗട്ട്ലെറ്റ് ഉപരോധിച്ചു.
ദേശീയ പാതയോരത്തുള്ള മദ്യഷാപ്പ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് റോഡുകളുടെ പേരിൽ മാറ്റം വരുത്തി നിയമവിരുദ്ധമായി തുറന്നുപ്രവർത്തിക്കാനുള്ള ശ്രമമാണ് ലീഗിന്റെ ഇടപെടലിലൂടെ തടഞ്ഞത്. സമരക്കാരുമായി പെരിന്തൽമണ്ണ എഎസ്പി സുജിത്ത് ദാസ് ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ കോടതി വിധി വരുന്നതുവരെ ഒൗട്ട്ലെറ്റ് പ്രവർത്തിക്കില്ലെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം വൻ ജന പങ്കാളിത്തത്തോടെയായിരുന്നു ഉപരോധം. ഇതിന് സമീപത്തായി പ്രവർത്തിക്കുന്ന സ്വകാര്യ ബാറിലേക്കും സമരക്കാർ സൂചനാ സമരം സംഘടിപ്പിച്ചു. മുനിസിപ്പൽ ലീഗ് സെക്രട്ടറി പച്ചീരി ഫാറുഖ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ലീഗ് വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
മുനിസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹബീബ് മണ്ണേങ്ങൽ, നഗരസഭാ കൗണ്സിൽ കിഴിശ്ശേരി ബാപ്പു, ഉനൈസ് പൊന്ന്യാകുർശി, കളത്തിൽ വീരാൻകുട്ടി, കളത്തിൽ കുഞ്ഞിപ്പഹാജി, പി.കെ.മൊയ്തു ഹാജി, എ.വി.ഹസ്സൻ, പുളിക്കൽ കുഞ്ഞുട്ടി, ശുക്കൂർ മഞ്ഞേങ്ങോടൻ, ഷബീർ പോത്തുകാട്ടിൽ, കാരാട്ടിൽ ജലീൽ, അസീസ് മണ്ണേങ്ങൽ എന്നിവർ പ്രസംഗിച്ചു.