തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ആരോപണങ്ങളിൽ സത്യം പുറത്തു വരാൻ സിബിഐ അന്വേഷണം വേണമെന്ന് കോണ്ഗ്രസ് നേതാവ് വി.എം. സുധീരൻ .
അതോടൊപ്പം യുഡിഎഫ് ആവശ്യപ്പെട്ടതുപോലെ ജുഡീഷൽ അന്വേഷണവും നടത്തുന്നത് സർക്കാരിന്റെ അകത്തളങ്ങളിൽ നടന്ന കള്ളക്കളികൾ സമഗ്രമായി പുറത്തുകൊണ്ടുവരുന്നതിന് പ്രയോജനപ്പെടും.
മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചു കൊണ്ടു വരാൻ സഹായകമായ നയം കൊണ്ടു വരുമെന്നു പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ശേഷം മദ്യശാലകൾ വ്യാപകമാക്കിയതിലൂടെ പിണറായി സർക്കാർ ജനവഞ്ചനയാണു നടത്തിയത്.
പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ സംസ്ഥാനത്തുണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. അതിപ്പോൾ 920നുമേൽ കവിഞ്ഞിരിക്കുന്നു. ബെവ്കോയുടെയും കണ്സ്യുമർഫെഡിന്റെയും 306 ഔട്ട്ലെറ്റുകൾക്ക് പുറമെയാണിത്.
മദ്യനയത്തിൽ മാറ്റം വരുത്തുന്നതിനായി നിരവധി ആലോചനകളും യോഗങ്ങളും നടത്തിയിട്ടും ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക ചർച്ചകൾ പോലും നടത്തിയില്ലെന്നു പറയുന്ന എക്സൈസ്, ടൂറിസം മന്ത്രിമാരുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്.
കേരളീയ സമൂഹത്തെയും തലമുറകളെയും സർവനാശത്തിലേക്കു തള്ളിവിടുന്ന പിണറായി സർക്കാരിന്റെ മദ്യനയം സന്പൂർണമായി പിൻവലിക്കാൻ ഇനിയെങ്കിലും സർക്കാർ ആർജവം കാണിക്കണമെന്ന് സുധീരൻ ആവശ്യപ്പെട്ടു.