ആളൂർ: ബാറിലുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിലായി.
കൊന്പൊടിഞ്ഞാമാക്കൽ വരദനാട് സ്വദേശി തേവലപ്പിള്ളി വീട്ടിൽ ഡെയ്സൻ (25), പുത്തൻചിറ മൂരിക്കാട് സ്വദേശി പടത്തുരുത്തി വീട്ടിൽ മെബിൻ (33) എന്നിവരെയാണ് തൃശൂർ റൂറൽ എസ്പി ഐശ്വര്യ ദോഗ്രയുടെയും ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ.തോമസിന്റെയും നേതൃത്വത്തിൽ ആളൂർ എസ്ഐ കെ.എസ്. സുബിന്ത് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച ഉച്ചയ്ക്കു കുഴിക്കാട്ടുശേരിയിലെ ബാറിൽവച്ചുണ്ടായ തർക്കത്തെതുടർന്നുള്ള അടിപിടിയിലാണ് വെളയനാട് സ്വദേശി രജീഷിനു തലയ്ക്കു മാരകമായി മുറിവേറ്റത്. ഇയാൾ ചികിത്സയിലാണ്.
സംഭവശേഷം എറണാകുളത്തേക്കു കടന്നെങ്കിലും രണ്ടു പ്രതികളെയും മണിക്കൂറുകൾക്കകം അന്വേഷണ സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
തിങ്കളാഴ്ച ബാറിൽ മദ്യത്തിന്റെ പണം കൊടുക്കുന്നതുസംബന്ധിച്ച് രജീഷും മെബിനും തമ്മിലുള്ള തർക്കത്തിൽ ഡെയ്സൻ ഇടപെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തുടർന്ന് രോഷാകുലനായ ഡെവിൻ കുടി വെള്ളം വയ്ക്കുന്ന സ്റ്റീൽ ജഗ് കൊണ്ട് രജീഷിന്റെ തലയ്ക്കടിച്ചുവീഴ്ത്തുകയായിരുന്നു. മെബിനും ബിയർ കുപ്പി കൊണ്ട് അടിച്ചതായി പറയുന്നു.
മദ്യത്തിന് അടിമയായ പ്രതികളിൽ രണ്ടാം പ്രതി കൊടുങ്ങല്ലൂർ സ്റ്റേഷനിലെ കൊലപാതക കേസിലെ പ്രതിയാണ്. കൂടാതെ മാള സ്റ്റേഷനിലും ഇരിങ്ങാലക്കുട സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുകളുണ്ട്.
എസ്ഐ രവി, ഡിവൈഎസ്പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ. മാരായ സതീഷ് അജിത്ത് ഇ.എസ്. ജീവൻ, സോണി സേവ്യർ, സിപിഒമാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.