പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ബാറിനു മുന്പിൽ മദ്യപരുടെ കൂട്ടയടിയില്‍ മൂന്നുപേർക്ക് പരിക്ക്. ഹെല്‍മറ്റ് കൊണ്ടുള്ള അടിയേറ്റ് ഒരാളുടെ തലപൊട്ടി. ബാറിനുള്ളിലെ തര്‍ക്കമാണ് പുറത്ത് അടിയില്‍ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി 9.15നായിരുന്നു സംഭവം. മൂന്നുപേര്‍ വീതമുള്ള രണ്ട് സംഘം ബാര്‍ കൗണ്ടറില്‍ മദ്യപിക്കാനെത്തി. ഇവര്‍ തമ്മില്‍ ബാറിനുള്ളിൽ വാക്കേറ്റം തുടങ്ങിയതോടെ ജീവനക്കാര്‍ ഇടപെട്ട് ഇറക്കിവിട്ടു.
ലഹരി മൂത്ത് മേശ മാറി ടച്ചിംഗ് എടുത്തതോടെയാണ് സംഘർഷം തുടങ്ങിയതെന്ന് പറയുന്നു. സംഘം പുറത്തിറങ്ങിയതോടെ പരസ്പരം ഏറ്റുമുട്ടി.പത്തനംതിട്ട സ്വദേശികളായ ഷൈജു, അരുണ്‍, ശ്യാം എന്നിവരെ നിലത്തിട്ട് ഹെല്‍മറ്റുകൊണ്ട് അടിച്ചു ചതച്ചു.
രണ്ടു പേര് തടസംപിടിക്കാന്‍ എത്തിയിട്ടും ഫലമുണ്ടായില്ല. നന്നുവക്കാട് സ്വദേശികളായ ഷിജു, അഭിലാഷ്, ഷിബു എന്നിവരായിരുന്നു മറ്റേ സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു.
സ്ഥലത്തുണ്ടായിരുന്ന കൂടുതൽ പേർ ഇടപെട്ട് ഇവരെ ഓടിച്ചുവിടുകയായിരുന്നു. മർദനമേറ്റവരിൽ രണ്ടുപേരെ പിന്നീട് ആശുപത്രിയിലാക്കി. ഒരാൾ ഓടി രക്ഷപ്പെട്ടു. അക്രമികളിൽ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു.