കോട്ടയം: ബാറുകളില്‍ അക്രമങ്ങള്‍ പതിവാകുന്നു. ബില്ല് സംബന്ധിച്ച തര്‍ക്കങ്ങള്‍ പല ബാറുകളിലും തര്‍ക്കങ്ങള്‍ക്കും വാക്കേറ്റങ്ങള്‍ക്കും ഇടയാക്കുന്നു.
പൊന്‍കുന്നത്ത് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബാര്‍ജീവനക്കാരായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെടുംകുന്നം മാന്തുരുത്തി പന്ത്രണ്ടാം മൈല്‍ അറവനാട്ട് പുത്തന്‍പുരയില്‍ മെല്ബിന് രാജ് (42), ഇടക്കുന്നം വാരിക്കാട്ട് കവല കാഞ്ഞിരത്താംകുന്നേല്‍ അരുണ്‍ തോമസ് (38), വാഴൂര്‍ പത്തൊമ്പതാം മൈല്‍ തണ്ണിമല കെ. സുഭാഷ് കുമാര്‍ (46) എന്നിവരെയാണ് പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ മൂവരും ചേര്‍ന്ന് ചിറക്കടവ് മണ്ണാറക്കയം സ്വദേശിയായ യുവാവിനെ ബുധനാഴ്ച വൈകുന്നേരം ആറിന് ബാറിനുള്ളില്വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പൊന്‍കുന്നം മിഡാസ് ബാറിലെ ജീവനക്കാരായ ഇവരുമായി ബില്ല് സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇവര്‍ യുവാവിനെ ചീത്ത വിളിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
പരാതിയെത്തുടര്‍ന്ന് പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. മണര്‍കാട്ടെ ഒരു ബാറിലും അക്രമങ്ങള്‍ നിത്യസംഭവമാണ്.
ബാറില്‍നിന്നുള്ള സംഘര്‍ഷം റോഡ് വരെ നീളാറുണ്ട്. ഭക്ഷണത്തിന്റെ നിലവാരം മോശമാണെന്നും മദ്യത്തിന്റെ അളവിൽ കുറവുണ്ടെന്നും പരാതി പറയുന്നവർ സ്ഥിരം ആക്രമണത്തിന് ഇരയാകാറുണ്ട്. ബാറുകളിൽ ജീവനക്കാരുടെ വേഷത്തിലെത്തുന്നത് ഗുണ്ടകളാണെന്ന ആക്ഷേപവും പരക്കെയുണ്ട്.