ചെങ്ങന്നൂർ: മകനുമായി ചെങ്ങന്നൂർ മാർക്കറ്റിലെത്തിയ അച്ഛൻ കുട്ടിയെ പുറത്തുപേക്ഷിച്ചു ബാറിനുള്ളിൽ കയറി. ആരെയും കാണാതെ മാർക്കറ്റ് പരിസരത്ത് അലഞ്ഞ കുട്ടിയെ ചെങ്ങന്നൂർ പോലീസ് ഒന്നര മണിക്കൂറിൽ കണ്ടെത്തി.
അന്യസംസ്ഥാന ദമ്പതികളുടെ മകനായ പത്തു വയസുകാരനെയാണ് കാണാതായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ അമ്മയെ കാണാനാണ് ഇരുവരുമെത്തിയത്. തുടർന്ന് ആരോടും പറയാതെ അച്ഛൻ കുട്ടിയുമായി മാർക്കറ്റ് ഭാഗത്തേക്കു പോകുകയായിരുന്നു.
സമീപത്തെ ബാറിൽ കയറിയ അച്ഛൻ കുട്ടിയുണ്ടെന്ന കാര്യം മദ്യലഹരിയിൽ മറന്നതായി പോലീസ് പറയുന്നു.കുട്ടിയെ കാണാത്തതിനെ ത്തുടർന്നു അമ്മ ആശുപത്രി പരിസരത്തു അന്വേഷിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
അച്ഛനൊപ്പം പോയതായും ആരും കരുതിയില്ല. തുടർന്നു ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ. ആർ. ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം വിവിധയിടങ്ങളിൽ തെരച്ചിൽ ആരംഭിച്ചു.
അച്ഛനെപ്പറ്റിയുള്ള അന്വേഷണത്തിനിടയിൽ ഇയാൾക്കൊപ്പം കുട്ടിയെ കണ്ടതായി വിവരം കിട്ടി. തുടർന്നു നടത്തിയ തെരച്ചിലിലാണ് ബാറിനു സമീപമുള്ള മാർക്കറ്റ് പരിസരത്തു നിന്നു കുട്ടിയെ കണ്ടെത്തിയത്.