കോട്ടയം: മന്ത്രി സഭയുടെപുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ബാറുകൾ ഈയാഴ്ച തന്നെ തുറന്നേക്കും. ഉത്തരവിന്റെ കോപ്പി എക്സൈസ് കമ്മീഷണറിൽ നിന്ന് ലഭിച്ചാലുടൻ ബാർ തുറക്കാൻ നടപടിയാവുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ, സംസ്ഥാന പാതയോരത്തെ അഞ്ഞൂറു മീറ്റർ ദൂരപരിധിയിൽ മദ്യവില്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കുന്നതിനായി പാതകൾ ഡീനോട്ടിഫൈ ചെയ്യാൻ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചതോടെ ജില്ലയിൽ 13 പുതിയ ബാറുകളും 31 ബിയർ പാർലറുകളും തുറന്നേക്കുമെന്നു എക്സൈസ് അധികൃതർ അറിയിച്ചു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നേരത്തെ 12 ബാറുകൾ തുറന്നിരുന്നു. കോട്ടയം മുനിസിപ്പാലിറ്റിയിൽ എട്ടു പുതിയ ബാറുകൾ തുറക്കുന്പോൾ പാലാ, ചങ്ങനാശേരി മുനിസിപ്പാലിറ്റി പരിധിയിൽ രണ്ടു വീതം ബാറുകൾ തുറക്കും. വൈക്കം മുനിസിപ്പാലിറ്റിയിൽ ഒരെണ്ണമാണ് തുറക്കുന്നത്.
കോട്ടയത്ത് 13 ബിയർ -വൈൻ പാർലറുകളും ചങ്ങനാശേരിയിൽ പത്തും പാലായിൽ എട്ടും ബിയർ വൈൻ പാർലറുകൾ തുറക്കുമെന്നാണ് സൂചന. 32 കള്ളുഷാപ്പുകളും രണ്ടു ക്ലബുകളും പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുറന്നേക്കുമെന്നു എക്സൈസ് അധികൃതർ പറഞ്ഞു.