കോട്ടയം: ഒന്പതു മാസമായി അടഞ്ഞു കിടക്കുന്ന ബാറുകൾ തുറക്കാനുള്ള നീക്കം അനുകൂലമായതോടെ ജില്ലയിൽ 52 ബാറുകളുടെയും 32 ബിയർ ആൻഡ് വൈൻ പാർലറുകളും പ്രവർത്തനം ആരംഭിക്കും.
നിലവിൽ ബാറുകളെല്ലാം ബിവറേജസ് ഒൗട്ട്ലെറ്റുകളായാണ് പ്രവർത്തിച്ചിരുന്നത്. അനുമതി ലഭിച്ചതോടെ അടഞ്ഞു കിടന്ന ബാറുകളെല്ലാം വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
ഇപ്പോൾ പാഴ്സൽ കേന്ദ്രങ്ങൾ മാത്രമായ ബാറുകളിൽ മദ്യസൽക്കാരം ആരംഭിക്കുന്നതോടെ രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തി സമയം അനുവദിച്ചിരിക്കുന്നത്.
ബാറുകൾ പഴയപടി പ്രവർത്തനം ആരംഭിക്കുന്നതോടെ നിരവധിപേർക്ക് തൊഴിൽ സാധ്യതയേറും. ജില്ലയിൽ മാത്രമായി രണ്ടായിരത്തോളം പേരാണ് മുന്പ് ബാറുകളിലും ബിയർ ആൻഡ് വൈൻ പാർലറുകളിലുമായി ജോലി ചെയ്തിരുന്നത്.
കൗണ്ടർ വഴി മാത്രം കച്ചവടം നടന്നുവന്നതിനാൽ തീരെ കുറച്ചു പേർ മാത്രമാണ് ജോലി ചെയ്തിരുന്നത്. ബാറുകൾ ചില്ലറവില്പന ശാലകളായതോടെ നികുതികളെല്ലാം പഴയപടി നൽകുന്നതിനാൽ ലാഭമില്ലെന്നതായിരുന്നു ബാറുടമകളുടെ പരാതി.
അതുകൊണ്ടു തന്നെ എല്ലാവർക്കും സർക്കാർ വിലയ്ക്ക് മദ്യം എന്ന ഇപ്പോഴത്തെ നിലയും മാറും. ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നതു കൂടാതെ പുതുതായി പണികഴിപ്പിച്ച നാലോളം ഹോട്ടലുകൾ ലൈസൻസിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.