തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾ അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ അടച്ചുപൂട്ടിയവ മാത്രമായിരിക്കും തുറക്കുക.
സംസ്ഥാനത്ത് യുഡിഎഫ് ഭരിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന അത്രയും ബാറുകൾ ഇപ്പോൾ ഇല്ല. ബാക്കി കാര്യങ്ങൾ ഭാവിയിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10,000 പേരിൽ കൂടുതൽ അധിവസിക്കുന്ന പഞ്ചായത്തുകളെ നഗര മേഖലകളാക്കി കണക്കാക്കി പൂട്ടിയ മദ്യശാലകൾ തുറക്കാനാണ് എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നത്.
വിനോദ സഞ്ചാര മേഖലകളായി ടൂറിസം വകുപ്പോ മറ്റേതെങ്കിലും വകുപ്പോ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രദേശങ്ങളെയും നഗരമേഖലകളായി കണക്കാക്കി മദ്യശാല തുറക്കാമെന്നും എക്സൈസ് വകുപ്പിന്റെ മാർഗനിർദേശങ്ങളിൽ പറയുന്നു.