കയ്പമംഗലം: മാസങ്ങളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ഫലമുണ്ടായില്ല.പൊക്ലായിയിൽ എതിർപ്പിനെ മറികടന്ന് വൻ പോലീസ് സന്നാഹത്തോടെയാണു വിദേശ മദ്യഷോപ്പ് പ്രവർത്തനം തുടങ്ങിയത്. ശ്രീനാരായണപുരത്തെ ദേശീയ പാതയോരത്തെ ബീവറേജ് കോർപറേഷന്റെ മദ്യവില്പനശാലയാണ് പൊക്ലായി തെക്കു ഭാഗത്തെ കൂനിയാറ രാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കു മാറ്റിയത്.
ബീവറേജ് കോർപറേഷന്റെ മദ്യവില്പനശാല വരുന്നതിനെതിരെ പ്രദേശത്ത് മാസങ്ങളായി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ജനങ്ങൾ സമരം നടത്തിയിരുന്നു. എന്നാ ൽ ഇതൊന്നും മുഖവിലയിൽ എടുക്കാതെയാണ് ജനങ്ങൾ തിങ്ങിത്താമസിക്കുന്നതും കോളജും സ്കൂളുകളുമടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിൽക്കുന്നതും ആരാധനാ ലയങ്ങൾ സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്ത് മദ്യശാല പ്രവർത്തനം തുടങ്ങിയത്.
സമരത്തിന് സിപിഐ, സി പിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണയുമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ വിദേശ മദ്യശാല തുറക്കാനായി മദ്യം കയറ്റിയ ലോറി വരുന്നുവെന്നറിഞ്ഞിട്ടും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വർണ ജയശങ്കർ, സി പി ഐ ലോക്കൽസെ ക്രട്ടറി റഫീഖ് ഉൾപ്പെടെ ഏതാനും സ്ത്രീകളും വയോധികരും മാത്രമാണ് സ്ഥലത്ത് എത്തിയത്.
സംഭവത്തിന്റെ ഗൗരവം വിളിച്ചറിയിച്ചിട്ടും സിപിഎമ്മിന്റെ യോ കോണ്ഗ്രസിന്റെയോ നേതാക്കൾ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നില്ല. ആദ്യഘട്ടത്തിൽ പേരിനു സിപിഎം പ്രാതിനിധ്യം ഉണ്ടായെങ്കിലും പിന്നീട് പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു.ഇതേ സമയം, സംഭവം മണത്തറിഞ്ഞു രാവിലെമുതൽ മദ്യം വാങ്ങാൻ കുടിയന്മാരുടെ വലിയ നിര തയ്യാറായി നിൽക്കുകയായിരുന്നു.
പിന്തുണയുമായി വന്ന രാഷ്ട്രീയപാർട്ടികൾക്കെതിരെ ശക്തമായ ഭാഷയിലാണു വീട്ടമ്മമാർ പ്രതികരിച്ചത്. എന്തുവന്നാലും കൂടെ നിൽക്കുമെന്ന് പറഞ്ഞ മതിലകം പഞ്ചായത്ത് പ്രസിഡന്റി നോട് ശക്തമായ പ്രതിഷേധമാണ് വീട്ടമ്മമാർക്കുള്ളത്.വോട്ട് തേടി വീട്ടുപടിക്കൽ എത്തുന്ന നേതാക്കളെ കാത്തിരിക്കുകയാണ് വീട്ടമ്മമാർ. അതെ സമയം മദ്യപന്മാർ പടക്കം പൊട്ടിച്ചുകൊണ്ടാണ് മദ്യശാലയെ വരവേറ്റത്.