തിരുവനന്തപുരം: ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ കൂടി ഉയർത്തി പുതിയ മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ ഇനി രാത്രി 12 വരെ തുറന്നിരിക്കും.
എന്നാൽ മറ്റു മേഖലകളിൽ നില വിലെ സമയത്തിൽ മാറ്റമില്ല. ഏപ്രിൽ രണ്ടു മുതലാണു പുതിയ നയം സംസ്ഥാനത്തു പ്രാബല്യത്തിൽ വരുന്നത്. ത്രീ സ്റ്റാർ മുതൽ മുകളിലുള്ള ബാറുകളുടെ പാർട്ണർഷിപ്പ് ഫീസ് ഏകീകരിച്ച് സ്റ്റാർ ബാറുകളുടെ നിരക്കിലാക്കും.
ഒന്നിലധികം പേർ ചേർന്നു നടത്തുന്ന സ്റ്റാർ പദവി ഇല്ലാത്ത ബാറുകളിൽ ഒരാളിനെ പാർട്ണർഷിപ്പിൽനിന്നു മാറ്റാൻ രണ്ടു ലക്ഷവും പുതുതായി ഒരാളിനെ ഉൾപ്പെടുത്താൻ 20 ലക്ഷവുമായിരുന്നു നില വിലെ ഫീസ്. എന്നാൽ ത്രീസ്റ്റാറിന് മുകളിലേക്കുള്ളവയ്ക്ക് ഇത് രണ്ടു ലക്ഷവും. ഇത് ഏകീകരിച്ചു രണ്ടു ലക്ഷമാക്കാനാണ് തീരുമാനം.
വിദേശ നിർമിത വിദേശ മദ്യങ്ങൾ ഇനിമുതൽ ബെവ്കോയുടെയും കണ്‍സ്യൂമർഫെഡിന്റെയും ചില്ലറ വില്പനശാലകളിലൂടെയും വിൽക്കാൻ അനുമതി നൽകും. ടോഡിബോർഡ് നിലവിൽ വരുന്നതുവരെയോ അല്ലെങ്കിൽ മൂന്നു വർഷത്തേക്കോ (ഏതാണ് ആദ്യം വരുന്നത് എന്ന അടിസ്ഥാനത്തിൽ) കള്ളുഷാപ്പുകൾ നിലവിലെ രീതിയിലാവും വിൽപന നടത്തുക.
മദ്യം നിറയ്ക്കുന്നതിന് പ്ലാസ്റ്റിക് കുപ്പികൾക്ക് നിയന്ത്രണം കൊണ്ടുവരും. എന്നാൽ ഇത് അത്രവേഗത്തിൽ സാധ്യമാവില്ല. ഘട്ടം ഘട്ടമായി ഗ്ളാസ് കുപ്പികളിൽ മദ്യം എത്തിക്കാൻ നിർമാണ കമ്പനികൾക്കു നിർദേശം നൽകും.