തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം കേരളത്തിന്റെ ശാന്തതയും സമാധാനവും തകർക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കേന്ദ്ര സർക്കാരിന്റെ കന്നുകാലി കച്ചവട നിയന്ത്രണത്തിനും സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനുമെതിരേ യുഡിഎഫ് നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിച്ച ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം കിഴക്കേകോട്ടയിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പൂട്ടിയ ബാറുകളൊന്നും തുറക്കില്ലെന്നാണ് തെരഞ്ഞെടുപ്പു വേളയിൽ സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞത്. മദ്യവർജനമാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെങ്കിൽ പൂട്ടിയ ബാറുകൾ തുറക്കുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫ് മദ്യമുതലാളിമാരുമായി അവിഹിത ബന്ധമുണ്ടാക്കിയതായി ജനങ്ങൾ വിശ്വസിച്ചു.
ഇപ്പോൾ മദ്യഷാപ്പുകൾ തുറന്നതിൽ കോടികളുടെ അഴിമതിയുണ്ട്. എൽഡിഎഫ് കൊണ്ടുവന്ന മദ്യനയത്തിന് ജനങ്ങളെ മദ്യംകുടിപ്പിക്കുകയെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ.പുതിയ മദ്യനയം പ്രാബല്യത്തിലാകുന്ന ജൂലൈ ഒന്നിന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാകേന്ദ്രങ്ങളിലും യുഡിഎഫ് ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. കന്നുകാലി കച്ചവട നിയന്ത്രണം വ്യക്തി സ്വാതന്ത്ര്യത്തിനു നേരേയുള്ള ശക്തമായ കടന്നാക്രമണമാണ്. മോദി മതേതരത്വം തകർക്കുകയും ബഹുസ്വരത ഇല്ലാതാക്കുകയും ചെയ്യുന്നു.
ഈ നയം കാർഷിക മേഖലയെ നശിപ്പിക്കും. ഉത്തർപ്രദേശിൽ മൂന്നുലക്ഷം കന്നുകാലികളാണ് റോഡിലൂടെ അലഞ്ഞു നടക്കുന്നത്. ഈ അവസ്ഥ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. മാട്ടിറച്ചി പാവപ്പെട്ടവന്റെ ആഹാരമാണ്. പഞ്ചനക്ഷത്ര ഹോട്ടലിൽ ആഹാരം കഴിക്കാൻ കഴിയാത്ത പാവപ്പെട്ടവന്റെ ആരോഗ്യത്തെ കന്നുകാലി കച്ചവട നിയന്ത്രണം കാര്യമായി ബാധിക്കും. സിപിഎം ബിജെപി തമ്മിലടി കാരണം നാട്ടിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ബിജെപിയും സിപിഎമ്മും ചേർന്ന് ദിവസേന ഹർത്താൽ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്.
കേന്ദ്രം ഭരിക്കുന്ന ബിജെപിയുടേയും കേരളം ഭരിക്കുന്ന സിപിഎമ്മിന്റെയും ഉത്തരവാദിത്തം ഇതാണോയെന്ന് ചെന്നിത്തല ചോദിച്ചു. യുഡിഎഫ് മണ്ഡലം കണ്‍വീനർ ബീമാപള്ളി റഷീദ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ പ്രസംഗിച്ചു. നിയോജക മണ്ഡലം കണ്‍വീനർ പി. ബഷീർ സ്വാഗതം പറഞ്ഞു.