കൊടുങ്ങല്ലൂർ: ബാർ ഹോട്ടലിൽ സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾ പോലീസ് സ്റ്റേഷനിലും അഴിഞ്ഞാടി.
സ്റ്റേഷനിലെ കസേരയെടുത്ത് ചില്ലുകൊണ്ടുള്ള ഭിത്തി അടിച്ചുതകർക്കുകയും തടയാൻ ശ്രമിച്ച എസ്ഐ കെ. അജിത്തിനെ ആക്രമിക്കുകയും ചെയ്തു.
കൈയ്ക്ക് മുറിവേറ്റ എസ്ഐ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ കൈയിൽ സ്റ്റിച്ച് ഇടേണ്ടിവന്നു.
ഇന്നലെ രാത്രി 11നായിരുന്നു സംഭവം. കൊടുങ്ങല്ലൂർ പടിഞ്ഞാറെ നടയിലുള്ള അശ്വതി ബാറിൽ സംഘർഷം സൃഷ്ടിച്ചതിനെത്തുടർന്നാണ് ഇടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിലെത്തിച്ച ഇവർ സ്റ്റേഷനിലെ കസേരയെടുത്താണ് ഗ്ലാസ് അടിച്ചുതകർത്തത്.പ്രതികളെ ഇന്ന് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കും.