ന്യൂഡല്‍ഹി: ദേശീയ–സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ മദ്യശാലകളും അടച്ചു പൂട്ടണമെന്ന് സുപ്രീം കോടതി. 2017 മാര്‍ച്ച് 31നകം ദേശീയപാതകളിലും സംസ്ഥാന പാതകളിലും പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്പറേഷന്റേത് അടക്കമുള്ള മദ്യശാലകള്‍ അടച്ചു പൂട്ടണമെന്ന് ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്.
2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 500 മീറ്റര്‍ പരിധിക്കു പുറത്തു പ്രവര്‍ത്തിക്കുന്ന ബാറുകള്‍ പരസ്യബോര്‍ഡുകള്‍ വയ്ക്കാന്‍ പാടില്ലെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. ദേശീയ സംസ്ഥാന പാതയോരത്ത് മദ്യപിച്ച് വാഹനമോടിച്ചതിനെ തുടര്‍ന്നുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിക്കുന്നതു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
കോടതി വിധി കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിമാരും പോലീസ് മേധാവികളും ഉറപ്പു വരുത്തണമെന്നും പിന്നീട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ദേശീയപാതയില്‍ നിന്നും മദ്യശാലകള്‍ മാറ്റി സ്ഥാപിച്ചാല്‍ ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടില്ല എന്ന വാദത്തോടെ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്.