വടകര: മദ്യശാല നിരോധനത്തിൽ നിന്നൊഴിവാകാൻ നഗരത്തിലെ റോഡുകളെ പുനർവിജ്ഞാപനം ചെയ്ത നടപടിയിൽ തെറ്റില്ലെന്ന സുപ്രീം കോടതി നിലപാടിൽ സംസ്ഥാനത്തെ മദ്യലോബിക്ക് ആഹ്ലാദം. നഗരങ്ങളിൽ ദേശീയ-സംസ്ഥാന പാതയോരത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ ഇതോടെ വീണ്ടും തുറന്നു പ്രവർത്തിക്കാൻ സാധ്യത തെളിഞ്ഞു. സൂപ്രീംകോടതി നിലപാടോടെ ഇക്കാര്യത്തിലുള്ള തടസം നീങ്ങുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.
ദേശീയ-സംസ്ഥാന പാതയുടെ അഞ്ഞൂറ് മീറ്റർ പരിധിക്കുള്ളിൽ മദ്യശാലകൾ പാടില്ലെന്നാണ് ഇക്കഴിഞ്ഞ മാർച്ച് അവസാനം സൂപ്രിംകോടതി വിധിച്ചത്. ഉയർന്ന വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ മദ്യപിക്കുന്നത് തടയുന്നതിനാണ് ദേശീയ-സംസ്ഥാന പാതയോരത്തെ മദ്യശാലകൾ നിരോധിച്ചത്. എന്നാൽ നഗരങ്ങളിലെ റോഡുകളിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നാണ് സൂപിം കോടതി ഇന്നലെ അഭിപ്രായപ്പെട്ടത്.
റോഡുകൾ പുനർ വിജ്ഞാപനം ചെയ്യുന്നതിൽ വിവേചന ബുദ്ധികാണിക്കണമെന്നും കോടതി പറഞ്ഞു. സുപ്രീം കോടതി വിധി മറികടക്കാൻ ചണ്ഡീഗഡ് ഭരണകൂടം റോഡുകൾ പുനർവിജ്ഞാപനം ചെയ്തുവെന്ന ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതി ഇങ്ങനെ വ്യക്തമാക്കിയത്. പാതയോര മദ്യശാല നിരോധനം മറി കടക്കാൻ സംസ്ഥാന ഹൈവേകളുടെ പദവി എടുത്തുകളഞ്ഞ പഞ്ചാബ് സർക്കാറിന്റെ നടപടി സ്റ്റേ ചെയ്യാൻ സൂപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു.
മാർച്ചിലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നു ചണ്ഡീഗഡ് ഭരണകൂടം സംസ്ഥാന-ദേശീയ പാതകൾ പുനർ വിജ്ഞാപനം ചെയ്തുവെന്ന് കാണിച്ച് ഒരു സന്നദ്ധ സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസ് തുടർ വാദത്തിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി. വടകര ഉൾപെടെയുള്ള നഗരങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാന-ദേശീയപാതകളുടെ ഓരത്തുള്ള മദ്യശാലകളെല്ലാം ഏപ്രിൽ ഒന്നോടെ അടച്ചൂപൂട്ടിയിരുന്നു.
കോടികൾ മുടക്കി മോടി കൂട്ടുകയും ഒക്കെ ചെയ്ത മദ്യശാലകൾ സൂപ്രീംകോടതി വിധിയോടെ മൂന്നു മാസത്തിലേറെയായി നിശ്ചലമായിരിക്കുകയാണ്. വിധിയെ മറി കടക്കാൻ പലശ്രമങ്ങളും നടന്നെങ്കിലും ഇതൊക്കെ തിരിച്ചടിയായി. ഇതിനിടയിലാണ് നഗരങ്ങളിലെ മദ്യശാലകൾക്ക് ആശ്വാസമേകിയുള്ള സൂപ്രിംകോടതിയുടെ ഏറ്റവും പുതിയ നിലപാട്. കോടതിയുടെ അന്തിമ നിലപാട് കാത്തിരിക്കുകയാണ് മദ്യലോബി.