കോട്ടയം: സംഘര്‍ഷം പതിവായതിനാല്‍ സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തനസമയം രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന് കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷനും ഹോട്ടല്‍ മാനേജേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് കേരളയും ആവശ്യപ്പെട്ടു.
ബാര്‍ ഹോട്ടലുകളില്‍ രാത്രി 10നുശേഷം അക്രമങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുകയാണ്. രാത്രി 10നുശേഷം ബാറിലെത്തുന്നവരിൽ അധികവും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചുവരുന്നവരാണ്. ഈ സാഹചര്യത്തില്‍ ബാറുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ രാത്രി 10 വരെ നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
കോട്ടയം ജോയ്സ് ബാര്‍ ഹോട്ടല്‍ ജീവനക്കാരന് സുരേഷിനെ ഗുണ്ടകള്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവം അതീവദുഃഖകരമാണ്.
ഇദ്ദേഹത്തിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഭാര്യയും 19ഉം 13ഉം വയസുള്ള കുട്ടികളുമടങ്ങിയ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സുരേഷ്.
സുരേഷിന്റെ കുടുംബത്തെ സഹായിക്കാന്‍ ബാര്‍ ഉടമയോ ബാറുടമ സംഘടനകളോ രംഗത്തുവരാത്തത് വേദനാജനകമാണ്. ഭാര്യക്ക് ജോലിക്കൊപ്പം കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ സംഘടനയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കേരള ബാര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന ജനറൽ സെക്രട്ടറിയും കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറുമായ വി.വി. ആന്റണി, ഹോട്ടല്‍ മാനേജേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ഓഫ് കേരള വൈസ്പ്രസിഡന്റ് ജി.ജി. സന്തോഷ് കുമാര്‍, ജില്ലാ സെക്രട്ടറി സജി കലാക്ഷേത്രം എന്നിവര്‍ പങ്കെടുത്തു.