സ്വന്തംലേഖകൻ
തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപറേഷൻ ജീവനക്കാരെ ഉപയോഗിച്ച് കുത്തിപിടിച്ച് വാങ്ങിയ പണമെവിടെ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനാകാതെ മേയറും കൂട്ടരും വിയർത്തു. മുഖ്യമന്ത്രിക്ക് ഒന്നര കോടി നൽകിയത് ഒരു കോടി കോർപറേഷൻ തനതു ഫണ്ടിൽ നിന്നും അന്‍പതു ലക്ഷം വൈദ്യുതി വിഭാഗത്തിൽ നിന്നുമാണെന്നായിരുന്നു മേയർ അജിത ജയരാജൻ കൗണ്‍സിൽ യോഗത്തിൽ വെളിപ്പെടുത്തിയത്. ഇതു കേട്ടതോടെയാണ് പ്രതിപക്ഷം ഉണർന്നത്.
അല്ലെങ്കിൽ തന്നെ തങ്ങളെ അറിയിക്കാതെ മുഖ്യമന്ത്രിക്ക് പണം കൈമാറിയതിനെതിരെയുള്ള പ്രതിഷേധം വ്യക്തമാക്കാൻ തയ്യാറെടുത്തപ്പോഴാണ് പണം നൽകിയത് തങ്ങൾക്കും കൂടി ഉത്തരവാദിത്വമുള്ള കോർപറേഷൻ ഫണ്ടിൽ നിന്നാണെന്നറിഞ്ഞത്.
പ്രതിപക്ഷ ഉപനേതാവ് ജോണ്‍ ഡാനിയേലാണ് വാഗ്വാദത്തിന് തുടക്കമിട്ടത്. “”ഹെൽത്ത് ഉദ്യോഗസ്ഥരെയും ബിൽഡിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് പിരിച്ചെടുത്ത പണമെവിടെയെന്നായിരുന്നു ചോദ്യം. വൈദ്യുതി വിഭാഗത്തിൽ നിന്ന് അന്‍പതു ലക്ഷം മാത്രമല്ല, വേറെ ഏഴു ലക്ഷം രൂപയും കൂടി തന്നില്ലേ, അതെവിടെ.
ഹോട്ടലുകാർ പ്രളയ ദുരന്തത്തിൽ സ്വമേധയാ സഹായങ്ങൾ നൽകിയവണ്. അവരെ പിന്നെയും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയത്.”മിണ്ടാട്ടമില്ലാതെ ഭരണപക്ഷാംഗങ്ങൾ. ലാലി ജെയിംസ്””പണം വാങ്ങിയത് പലരുടെയും കുത്തിന് പിടിച്ച്. പിരിച്ചെടുത്ത ലക്ഷങ്ങൾ എവിടെ. സെക്രട്ടറിയാണ് പണം പിരിക്കാൻ നേതൃത്വം നൽകിയത്. ഓരോ ഡിപ്പാർട്ട്മെന്റിനും ടാർജറ്റ് നൽകിയിരുന്നത്. അതൊക്കെ എവിടെ പോയി ? ”
വർഗീസ് കണ്ടംകുളത്തി
“”ഇപ്പോഴത്തെ കാലത്ത് യാചിച്ചാലൊന്നും ആരും പണം തരില്ല. ലാലി പറഞ്ഞതു പോലെ ചോദിച്ചാലേ പണം തരൂ. അങ്ങനെയൊക്കെ ചെയ്തിട്ടുണ്ട്. എന്താ സംശയം. പണം തന്നവർക്കൊക്കെ രശീത് നൽകിയിട്ടുണ്ട്. ”എ.പ്രസാദ്””വാങ്ങിയ പണമെവിടെ എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല. കോർപറേഷൻ തനതുഫണ്ടിൽ നിന്ന് പണമെടുത്തു കൊടുക്കുന്പോൾ തങ്ങൾ അറിയണ്ടേ. ആരോട് ചോദിച്ചിട്ടാണ് പണമെടുത്തു കൊടുത്തത്. ”
സൂബി ബാബു
“”ദുരിതാശ്വാസ ഫണ്ടിലേക്കെന്നു പറഞ്ഞ് പിരിച്ചെടുത്ത പണം പോയത് എവിടേക്കാണെന്ന് വ്യക്തമാക്കണം. പാർട്ടി ഫണ്ടിലേക്കാണ് പണം പോയിരിക്കുന്നത്. ഈ പണത്തെക്കുറിച്ച് ജനങ്ങൾക്ക് അറിയാനുള്ള അവകാശമുണ്ട്. ”
ടി.ആർ.സന്തോഷ്
“”കോർപറേഷൻ അഞ്ചു കോടി കൊടുക്കുമെന്നാണല്ലോ മേയർ പ്രഖ്യാപിച്ചിരുന്നത്. അപ്പോൾ ഒന്നര കോടി കഴിച്ച് ബാക്കി പണം എവിടെ പോയി. ഇത് തലയിൽ മുണ്ടിട്ട് കൊണ്ടു പോയി കൊടുക്കാനുള്ള പണമാണോ. ഘടകകക്ഷികളെ പോലും കൂടെ കൂട്ടാതെയാണ് മേയറും കൂട്ടരും മുഖ്യമന്ത്രിക്ക് പണം നൽകാൻ പോയത്. ”
എല്ലാ പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെയും എതിർത്തു നിൽക്കാറുള്ള ഭരണകക്ഷിയംഗങ്ങൾ പക്ഷേ ഈ വിഷയം ചർച്ചയ്ക്കു വന്നതോടെ നിശബ്ദരായി. പ്രതിക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മേയറും മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിയും മറുപടി പറയാൻ ശ്രമിച്ചെങ്കിലും വ്യക്തമായി പറയാൻ പറ്റാതെ കിടന്നുരുളുകയായിരുന്നു.
ഇടയ്ക്കിടെ ഭരണകക്ഷിയിലെ അനൂപ് ഡേവിസ് കാട ബഹളമുണ്ടാക്കിയതല്ലാതെ മറ്റാരും പ്രതികരിച്ചില്ല. ഭരണകക്ഷിയിൽ പെട്ട അംഗങ്ങൾ പോലും അറിയാതെയാണ് പണം നൽകാൻ മേയറും മുൻ ഡെപ്യൂട്ടി മേയറും കൗണ്‍സിലർ അനൂപ് ഡേവിസ് കാടയും തിരുവനന്തപുരത്തിന് പോയിരുന്നത്. ധനകാര്യം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി മേയർ ബീന മുരളി പോലും വിട്ടു നിന്നിരുന്നു.
ഇന്നലെ നടന്ന കൗണ്‍സിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ പങ്കെടുക്കാതെ വിട്ടു നിൽക്കുകയും ചെയ്തു. അടുത്ത കൗണ്‍സിൽ യോഗത്തിൽ പണം നൽകിയവരുടെ ലിസ്റ്റ് നൽകണമെന്നാണ് പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയതിന് മേയർ മുൻകൂർ അനുമതി നൽകിയത് കൗണ്‍സിൽ അംഗീകരിക്കാനുള്ള അജണ്ട ചർച്ചയ്ക്കു വന്നപ്പോഴാണ് പ്രതിപക്ഷം ആഞ്ഞടിച്ചത്.
കിഴക്കേകോട്ട ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ പണം നിശചയിച്ച് നൽകിയതിൽ അഴിമതിയുണ്ടെന്നാരോപിച്ച് കൗണ്‍സിലിന്റെ ആവശ്യപ്രകാരം സെക്രട്ടറി നൽകിയ അന്വേഷണ റിപ്പോർട്ടിൻമേൽ രണ്ടേകാൽ മണിക്കൂറാണ് ചർച്ച നടത്തിയത്. ഒടുവിൽ വിഷയം നിയമോപദേശത്തിന് വിടാൻ തീരുമാനിച്ചു.