സ്വന്തം ലേഖകന്‍
കോഴിക്കോട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ ബാറുകള്‍ക്ക് സമീപത്ത് പോലീസിന്റെ വാഹനപരിശോധന കര്‍ശനമാക്കണമെന്ന് ഡിജിപി. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ തുടക്കത്തില്‍ തന്നെ കണ്ടെത്തണം. ഇതിനായാണ് ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സമീപത്തെ വാഹന പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മദ്യപിച്ചും അമിത വേഗത്തിലും വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് പിടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് കൈമാറുകയും ലൈസന്‍സ് സസ്പന്റ് ചെയ്യുന്നതിനുള്ള നിയമനടപടി സ്വീകരിക്കണമെന്നും ഡിജിപി ലോക്നാഥ് ബഹ്റ ഉത്തരവിട്ടു.
ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത് റോഡപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ശുഭയാത്രാ -2018 പദ്ധതിയുടെ ഭാഗമായാണ് ഡിജിപി അധിക നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് ഉത്തരവിറക്കിയത്. വാഹനപരിശോധനയ്ക്കിടെയുണ്ടയേക്കാവുന്ന വിവാദങ്ങള്‍ ഒഴിവാക്കണം.
പരിശോധനക്കായി നിയമലംഘകരെ തടയുന്നത് കഴിയുന്നത്ര ഒഴിവാക്കണം.ഡിജിറ്റില്‍ കാമറകള്‍, ശരീരത്തില്‍ ഘടിപ്പിക്കുന്ന കാമറകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ ഉപയോഗപ്പെടുത്തി നിയമലംഘകരുടെ ഫോട്ടോഅല്ലെങ്കില് വീഡിയോ പകര്‍ത്തുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്താല്‍ മതി.
രാത്രി ഒന്‍പതു മുതല്‍ 12 വരെ സമയങ്ങളിലാണ് അപകടങ്ങള്‍ കൂടുന്നത്. അതിനാല്‍ പ്രധാന ജംഗ്ഷനുകളിലും നഗരപ്രദേശങ്ങളിലുമുള്ള അപകട സാധ്യതാ മേഖലയിലെ ട്രാഫിക് സിഗ്നലുകള്‍ രാത്രി 12 വരെ പ്രവര്‍ത്തിപ്പിക്കണം. ശുഭയാത്രാ പദ്ധതിയുള്‍പ്പെടെ ഇക്കാര്യത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കും.
ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ശരിയായ രീതിയില്‍ നിലവാരമുള്ള ഹെല്‍മെറ്റുകള്‍ ധരിക്കുന്നുവെന്ന് പോലീസ് ഉറപ്പുവരുത്തണം. കൂടാതെ ഇരുചക്രവാഹനങ്ങള്‍ രൂപമാറ്റം വരുത്തി റേസിംഗ് പോലെ അപകടകരമായി വാഹനമോടിക്കുന്ന സ്ഥലങ്ങളില്‍ ഇവ നിയന്ത്രിക്കുന്നതിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. നാലുചക്രവാഹനയാത്രികര്ക്കുള്ള സീറ്റ് ബെല്‍റ്റ് സംബന്ധിച്ച നിയമവ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഇതിനായി വാഹന പരിശോധന കര്‍ശനമാക്കണം. സംസ്ഥാന ക്രൈംറെക്കോര്‍ഡ് ബ്യൂറോയുടെ (എസ്സിആര്‍ബി) കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ചുമാസത്തെ പ്രവണതകള്‍ വിലയിരുത്തിയാണ് ഡിജിപി പുതിയ നിര്‍ദേശങ്ങളെല്ലാം പുറപ്പെടുവിച്ചത്. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലാണിപ്പോള്‍ റോഡപകടങ്ങള്‍ കൂടുതലായും നടക്കുന്നത്.
സിഗ്നലുകളിലും ജംഗ്ഷനുകളിലും അപകടം കുറവാണെങ്കിലും നേരെയുള്ള റോഡുകളില്‍ അപകടം കൂടുതലാണ്. അപകടങ്ങളില്‍പെടുന്നത് കൂടുതലും ഇരുചക്രവാഹനങ്ങളാണ്. അമിത വേഗതയാണ് അപകടങ്ങള്‍ക്ക് പലപ്പോഴും കാരണമാവുന്നത്. അപകടങ്ങള്‍ കൂടുതലായും നടക്കുന്നത് അതിരാവിലേയും അര്ദ്ധരാത്രിയിലുമാണെന്നാണ് എസ് സിആര്‍ബി പറയുന്നത്.
അതിനാല്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമം ലഭിക്കുന്നതിനായി വിവിധ എന്‍ജിഒകളുടെ സഹകരണത്തോടെ ഡ്രൈവര്‍ വെയിറ്റിംഗ് സെന്ററുകള്‍ സ്ഥാപിക്കും. നാലുചക്രവാഹനങ്ങള്‍, ഹെവിവാഹനങ്ങള്‍ എന്നിവയിലെ ചെറിയ തീപിടിത്തങ്ങള്‍ പോലും വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇത് ഒഴിവാക്കുന്നതിനായി കഴിയുന്നത്ര ചെറിയ തരത്തിലുള്ള അഗ്നിശമനോപകരണങ്ങള്‍ വാഹനത്തില്‍ സൂക്ഷിക്കണം.
അനധികൃത പാര്‍ക്കിംഗ്, റോഡ് കൈയേറിയുള്ള കച്ചവടങ്ങള്‍ എന്നിവ അവസാനിപ്പിക്കാന്‍ റവന്യൂ, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം തേടും. കുട്ടികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കുന്നതിനായി സ്കൂളുകള്‍ക്ക് സമീപം താത്കാലിക മേല്പാലങ്ങള് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.
അമിത വേഗം നിയന്ത്രിക്കുന്നതിനായി നിലവില്‍ സ്ഥാപിച്ചിട്ടുള്ള നൂറ് സ്പീഡ് കാമറകള്‍ക്ക് പുറമേ റെഡ് ലൈറ്റ് കാമറകള്‍, റോഡിലെ മഞ്ഞ ലൈന്‍ ക്രോസ് ചെയ്യുന്നത് കണ്ടുപിടിക്കുന്നതിനുള്ള ലൈന്‍ എന്‍ഫോഴ്സ്മെന്റ് കാമറകള്‍ എന്നിവ കൂടുതല്‍ സ്ഥാപിക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സിസ്റ്റം നടപ്പാക്കും.
അതത് ജില്ലാ പോലീസ്മേധാവിമാര് ട്രാഫിക് ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാനും റോഡ് സുരക്ഷാ അതോറിറ്റിയിലെ യോഗങ്ങളിലെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിനു വേണ്ട കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.