പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിക്ക് മദ്യം വിറ്റ ബാര്‍ ജീവനക്കാരനെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ഞാണി സില്‍വര്‍ റസിഡന്‍സി ബാറിലെ ജീവനക്കാരന് കാരമുക്ക് കടയില്‍ വീട്ടില്‍ ഷൈജു(52)വിനെയാണ് അന്തിക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ. ദാസ് അറസ്റ്റ് ചെയ്തത്.
പത്താംക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് ഇയാള്‍ മദ്യം വിറ്റത്. വീട്ടില്‍നിന്ന് പോയ വിദ്യാര്‍ഥിയെ സമയം കഴിഞ്ഞിട്ടും കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മദ്യപിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് രക്ഷിതാക്കള്‍ അന്തിക്കാട് പോലീസില്‍ പരാതി നല്കി. മദ്യം ആവശ്യപ്പെട്ട് എത്തിയ വിദ്യാര്‍ഥിക്ക് ലോക്കല്‍ കൗണ്ടറില്‍നിന്ന് ബാര്‍ ജീവനക്കാരന് മദ്യം കൊടുത്തുവിടുകയായിരുന്നു.
അബ്കാരി നിയമപ്രകാരവും ബാലാവകാശ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. എ.എസ്.ഐ. എം.കെ. അസീസ്, സി.പി.ഒ. സുര്‍ജിത്ത് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.