അഹമ്മദാബാദ്: ഇന്ത്യൻ ഭരണഘടനയുടെ കരട് തയാറാക്കിയതു ഡോ. ബി.ആർ. അംബേദ്കർ അല്ലെന്നു ഗുജറാത്ത് നിയമസഭാ സ്പീക്കർ രാജേന്ദ്ര ത്രിവേദി. ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ബ്രാഹ്മണ വ്യാപാര സമ്മേളനത്തിന്റെ രണ്ടാം പതിപ്പിൽ സംസാരിക്കുകയായിരുന്നു ത്രിവേദി.
ബി.എൻ റാവു എന്ന ബ്രാഹ്മണനാണു ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതെന്നും ഇതിന്റെ ഖ്യാതി അംബേദ്കറിനു നൽകുകയായിരുന്നെന്നും സ്പീക്കർ അവകാശപ്പെട്ടു. ഇന്ത്യയിൽനിന്നുള്ള ഒന്പത് നൊബേൽ സമ്മാന ജേതാക്കളിൽ എട്ടു പേരും ബ്രാഹ്മണരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
60 രാഷ്ട്രങ്ങളുടെ ഭരണഘടന പഠിച്ച ശേഷമാണ് ഇന്ത്യൻ ഭരണഘടനയുടെ കരട് രൂപം തയാറാക്കിയതെന്ന് നിങ്ങൾക്കറിയാമോ?. ആ കരട് രൂപം ഡോ. അംബേദ്കർക്ക് മുന്പാകെ അവതരിപ്പിച്ചത് ആരെന്നറിയാമോ?. ഭരണഘടനയെ സംബന്ധിച്ച കാര്യങ്ങളിൽ അംബേദ്കറിന്റെ പേര് വലിയ ബഹുമാനത്തോടെയാണ് നമ്മൾ കാണുന്നത്. എന്നാൽ, കരട് രൂപം തയാറാക്കിയത് ബി.എൻ. റാവു എന്ന ബ്രാഹ്മണനാണെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്- ത്രിവേദി പറഞ്ഞു.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി കൂടി പങ്കെടുത്ത ചടങ്ങിലാണു രാജേന്ദ്ര ത്രിവേദിയുടെ പ്രസ്താവന. ബ്രാഹ്മണരാണു മറ്റുള്ളവരെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനു പിന്നിൽ പ്രവർത്തിച്ചതെന്നും അംബേദ്കറിനെ ഉയർത്തിയത് റാവുവാണെന്നും സ്പീക്കർ അവകാശപ്പെട്ടു.