പത്തനംതിട്ട: ഭരണപരിഷ്കാര കമ്മീഷന് കഴിഞ്ഞ ഒക്ടോബര്‍ വരെ ചെലവഴിച്ചത് ആറു കോടി രൂപ. സംസ്ഥാനത്തിനു തന്നെ ബാധ്യതയായ കമ്മീഷൻ പിരിച്ചുവിടണമെന്ന് കേരള കോൺഗ്രസ് എം സാംസ്കാരി വേദി.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ചെയര്‍മാനായി ഭരണപരിഷ്കാര കമ്മീഷന് നിലവില്‍ വന്നത്.
2016 ഒക്ടോബര്‍ മുതല്‍ 2018 ഒക്ടോബര്‍ 31 വരെ കമ്മീഷനു വേണ്ടി ആറു കോടിയോളം രൂപ ചെലവഴിച്ചതായി കേരള കോണ്‍ഗ്രസ് എം സാംസ്കാരിക വേദി ചെയര്മാന് ഡോ.വര്‍ഗീസ് പേരയില്‍ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പറയുന്നു. ശമ്പളം, യാത്രാപ്പടി, അനുബന്ധചെലവുകള്ക്കുമാണ് തുക വിനിയോഗിച്ചിട്ടുള്ളത്. ചെയര്മാന്, അംഗങ്ങള്‍, ഇതര ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗങ്ങള്‍ നടത്തിയതിന്റെ ചെലവ് വേറെ വരും.
2018 ഒക്ടോബറിന് ശേഷമുള്ള തുക കൂടി കണക്കിലെടുത്താല്‍ ഇതിലും വലിയ തുക വരും. 2018 ഒക്ടോബര്‍ 31 വരെ 17 സിറ്റിംഗുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് സര്‍ക്കാരിന് സമര്‍പ്പിചിട്ടുള്ളത്. ഇവയില്‍ ഒരു നടപടിയും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല.അന്തര്‍ സംസ്ഥാന യാത്രകള്‍, വിദഗ്ധരുമായി കൂടിയാലോചനകള്‍ ഇവ നടത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ടുകള്‍ തയാറാക്കിയത്.
ഇവയ്ക്കെല്ലാം ഭാരിച്ച ചെലവുണ്ടായിട്ടുണ്ട്. ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ 11 ഉദ്യോഗസ്ഥരെ നിയമിച്ചായിരുന്നു കമ്മീഷന് പ്രവര്‍ത്തനം തുടങ്ങിയത്. അഡീഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി കളക്ടര്‍, ഫിനാന്‍സ് ഓഫീസ്, അണ്ടര്‍ സെക്രട്ടറി, സെക്ഷന്‍ ഓഫീസര്‍ തുടങ്ങി 30 തസ്തികകള്‍ പുതുതായി സ്യഷ്ടിച്ചിട്ടുണ്ട്. അവരുടെ ആനുകൂല്യങ്ങള്‍ കൂടി നല്കുമ്പോള് വീണ്ടും ചെലവേറും.
ചെയര്‍മാനായ വി. എസ്. അച്യുതാനന്ദന് 17,01,114 രൂപയാണ് വേതനം അടക്കം ചെലവ്. മെംബര്‍ സി. പി. നായര്‍ക്ക് 20,26,371 രൂപയും പാര്‍ട്ട്ടൈം മെംബര്‍ നീല ഗംഗാധരന് 7,45,000 രൂപയും കമ്മീഷനില്‍ നിന്നു നല്‍കേണ്ടിവന്നു, 11 പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ ചെലവ് 95,88,444 രൂപ. വിവിധ പഠനങ്ങള്‍ നടത്തിയതിന് ഏജന്‍സികള്‍ക്ക് 11,80,530, സെന്റർ് ഫോര്‍ മാനേജ്മെന്റ്് ഡവലപ്മെന്റ് അഞ്ചു ലക്ഷം രൂപ, ഹൈദ്രാബാദ് , പൂനെ എന്നിവിടങ്ങളിലേക്ക് പഠന യാത്രകള്‍ നടത്തിയതിന് 1,27,073 രൂപ, ഐഎംജി ശില്‍പശാലയക്ക് 57,800 രൂപ. കംപ്യൂട്ടര്‍, ലാപ്ടോപ്പ് സ്കാനര്‍, പ്രിന്റർ എന്നിവയ്ക്ക് 6,50,632 രൂപ, പുതിയ ജീവനക്കാരുടെ അലവന്‍സ് നല്കാന് 3,67,33,267 രൂപ എന്നിങ്ങനെയാണ് മറ്റു ചെലവുകള്‍.
പുതുതായി ജീവനക്കാരെ നിയമിക്കണമെങ്കില്‍ പാലിക്കേണ്ട നടപടിക്രമങ്ങളും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ അനുമതിപോലും ഇല്ലാതെയാണ് നിയമനങ്ങള്‍. എത്ര വാഹനങ്ങള്‍ വാങ്ങി എന്നതു സംബന്ധിച്ചും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോഴാണ് ഭരണപരിഷ്കാര കമ്മീഷന് കോടിക്കണക്കിന് രൂപ ദുര്‍വ്യയം ചെയ്യുന്നതെന്ന് കേരള കോണ്‍ഗ്രസ് – എം സംസ്കാര വേദി ചെയര്മാന് ഡോ.വര്‍ഗീസ് പേരയിലും സെക്രട്ടറി മനോജ് മാത്യുവും കുറ്റപ്പെടുത്തി.
ഇത്തരമൊരു കമ്മീഷന്റെ ആവശ്യമില്ലെന്ന തിരിച്ചറിവില്‍ പിരിച്ചുവിടുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണകക്ഷിയിലെ ചേരിതിരിവ് അവസാനിപ്പിച്ച് അച്യുതാനന്ദനെ തൃപ്തിപ്പെടുത്താന്‍ രൂപീകരിച്ച കമ്മീഷന് നിലനിര്‍ത്താനാണ് ഭാവമെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് കേരള കോണ്‍ഗ്രസ് എം തന്നെ നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ. മാണി എംപിയും അറിയിച്ചിട്ടുണ്ട്.